മുരിയാട് നിയന്ത്രണംവിട്ട ക്രെയിന്‍ സ്കൂട്ടറില്‍ ഇടിച്ചുമറിഞ്ഞു
1572408
Thursday, July 3, 2025 2:02 AM IST
ഇരിങ്ങാലക്കുട: മുരിയാട് നിയന്ത്രണംവിട്ട ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ചുമറിഞ്ഞു. സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മുരിയാട് വല്ലക്കുന്ന് റോഡ് അണ്ടിക്കമ്പനിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. അണ്ടിക്കമ്പനി ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വന്നിരുന്ന ക്രെയിന്‍ ബ്രേക്ക് നഷ്ടപ്പെട്ടു.
എതിരെ വന്നിരുന്ന മുരിയാട് സ്വദേശി ഷാന്റി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടാതിരിക്കാന്‍ ക്രെയിന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് ഷാന്റി കാനയിലേക്കു തെറിച്ചുവീണതിനാൽ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
വല്ലക്കുന്ന് നെല്ലായി റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇരിങ്ങാലക്കുടയില്നിന്നും മറ്റൊരു ക്രെയിന്‍ എത്തിച്ചാണ് ക്രെയിന്‍ ഉയര്‍ത്തി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഒലിച്ചിറങ്ങിയ ഓയിലും ഡീസലും ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് കഴുകി വൃത്തിയാക്കി. ആളൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.