കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം ഇന്നുതുടങ്ങും
1572822
Friday, July 4, 2025 6:34 AM IST
ഗുരുവായൂർ: അവധിക്കാലത്തിനുശേഷം കൃഷ്ണനാട്ടം കലാകാരന്മാർക്ക് എല്ലാ വർഷവും നടത്താറുള്ള കച്ചകെട്ട് അഭ്യാസം ഇന്നുരാവിലെ ഏഴിന് ആരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം. പുലർച്ചെ മുതൽ ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവയാണ്.
കണ്ണുസാധകം, കാൽസാധകം, തീവട്ടം കുടയൽ, ചില്വാനം കാൽസാധകം, പതിഞ്ഞ ഇരട്ടിവട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ഉഴിച്ചിലും അവതാരം, കാളിയമർദനം, രാസക്രീഡ, കംസവധം, എന്നീ നാല് കഥകളുടെ വിശദമായ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവുംനടക്കും.
വൈകിട്ട് ആറുമുതൽ നാമംചൊല്ലൽ, സാധകം, മുദ്രാഭിനയം, കണ്ണുസാധകം, കൈവീശൽ, കൈമറിക്കൽ, ചെറിയ കുട്ടികൾക്ക് താളംപിടിക്കൽ, മുഖാഭിനയം എന്നിവ പരിശീലിപ്പിക്കും. രാത്രി എട്ടു വരെയാണ് പരിശീലനം. വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകമായും പരിശീലനംനൽകും. 41 ദിവസമാണ് കച്ചകെട്ട് അഭ്യാസം. കച്ചകെട്ടഭ്യാസത്തിനുശേഷം സെപ്റ്റംബർ ഒന്നിന് അവതാരം കളിയോടെ കൃഷ്ണനാട്ടം കളി പുനരാരംഭിക്കും.