ബസ്കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണം
1572830
Friday, July 4, 2025 6:34 AM IST
മൂന്നുമുറി: ജില്ലയില്‍ ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിലുള്ള പഞ്ചായത്തായ മറ്റത്തൂരിന്റെ ഭരണസിരാകേന്ദ്രമായ മൂന്നുമുറിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ദിവസേന നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന ഇവിടെ മഴയും വെയിലുമേറ്റാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. മുപ്പതിലേറെ ബസുകള്‍ സര്‍വിസ് നടത്തുന്ന കൊടകര വെള്ളിക്കുളങ്ങര റൂട്ടിലാണ് മൂന്നുമുറിയുള്ളത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫിസ്, മറ്റത്തൂര്‍ വില്ലേജോഫിസ്, മറ്റത്തൂര്‍ കൃഷിഭവന് എന്നീ സ്ഥാപനങ്ങള്‍ക്കു പുറമെ ദേശസാല്‍കൃത ബാങ്ക്, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍, മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യുപി സ്കൂള്‍, ദേവാലയം, ക്ഷേത്രങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുന്നത് മൂന്നുമുറിയിലാണ്.
ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതിനാല്‍ ഇവിടെ വന്നുപോകുന്നവരും വിദ്യാര്‍ഥികളും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലാണ് ബസ് കാത്തുനില്‍ക്കുന്നത്. ആവശ്യമായ സ്ഥലം കണ്ടെത്തി ജനപങ്കാളിത്തത്തോടെ ഇരിപ്പിടങ്ങളോടു കൂടിയ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചാല്‍ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാനാകുമെന്നും ഇതിനായി അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നുമാണ് ആവശ്യമുയരുന്നത്.