ക്ഷേത്രഗോപുര മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങും
1458673
Thursday, October 3, 2024 6:29 AM IST
തൃശൂർ: കേരളപാരമ്പര്യത്തനിമയുടെ തലയെടുപ്പോടെ ക്ഷേത്രഗോപുരമാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങും. സ്റ്റേഷൻ നവീകരണം സംബന്ധിച്ച് ഇന്നലെ തൃശൂർ കളക്ടറേറ്റിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
നവീകരിക്കുന്ന തൃശൂർ സ്റ്റേഷൻ ഏതു മാതൃകയിൽ വേണമെന്ന ചർച്ചയാണ് പ്രധാനമായും ഇന്നലെ നടന്നത്. മൂന്നു ഡിസൈനുകളാണ് ചർച്ചചെയ്തത്. ഇതിൽനിന്ന് ആദ്യത്തെ രണ്ടെണ്ണം തെരഞ്ഞെടുത്തശേഷം പിന്നീട് ഒരെണ്ണം അന്തിമമായി തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു നിലകളിലായാണ് പുതിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സ് പടുത്തുയർത്തുന്നത്.
45 ദിവസത്തിനുള്ളിൽ പുതിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിന്റെ ടെൻഡർ പൂർത്തീകരിക്കും. മൂന്നുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നു റെയിൽവേ അറിയിച്ചെങ്കിലും, രണ്ടു കൊല്ലംകൊണ്ട് പൂർത്തിയാക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.
അംഗീകരിച്ച ഡിസൈൻ അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നോ നാളെയോ ഒപ്പുവയ്ക്കും. ഇതോടെ സ്റ്റേഷൻ നവീകരണപ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ, ചീഫ് എൻജിനീയർ ഷാജി സക്കറിയ, തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
റെയിൽവേ വികസനം:സുരേഷ്ഗോപിക്കു നിവേദനം നൽകി
തൃശൂർ: റെയിൽവേ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി. റെയിൽവേ മേഖലയിൽ കേരളത്തിലെ അടിസ്ഥാനവികസനം, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ വികസനം എന്നിങ്ങനെ രണ്ടു നിവേദനങ്ങളാണു നൽകിയത്.
രാമനിലയത്തിൽ മന്ത്രിയെ സന്ദർശിച്ച ദക്ഷിണ റെയിൽവേ ഉപദേശകസമിതിയംഗം എം. ഗിരീശൻ, പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവരാണു നിവേദനം നൽകിയത്.