വടക്കേ സ്റ്റാൻഡിനടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ട് കെഎസ്ആർടിസിക്കു താത്കാലിക സ്റ്റാൻഡ്
1600478
Friday, October 17, 2025 7:17 AM IST
തൃശൂർ: ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിക്കുന്നതുവരെ കെഎസ്ആർടിസിക്കു താത്കാലിക ബസ് സ്റ്റാൻഡായി വടക്കേ സ്റ്റാൻഡിനു സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ട് നൽകുമെന്നു മേയർ എം.കെ. വർഗീസ്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
നേരത്തേ സ്റ്റാൻഡ് പാട്ടുരായ്ക്കലിലെ വസന്ത് നഗറിലേക്കു മാറ്റാനുള്ള നിർദേശംവന്നെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ലെന്നു പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയൽ അഭിപ്രായപ്പെട്ടിരുന്നു. ജനവാസമേഖലയിൽ സ്റ്റാൻഡ് വരുമ്പോൾ അവിടെ താമസിക്കാവുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് അധികാരികൾ കണക്കിലെടുക്കണമെന്നു പറഞ്ഞ അദ്ദേഹം, കോർപറേഷൻ സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു.
ശക്തനിലെ ആകാശപ്പാതയുടെയും വടക്കേ ബസ് സ്റ്റാൻഡിലെ ഫുട്ഓവർബ്രിഡ്ജിന്റെയും പരിപാലനം ഉറപ്പുവരുത്തുന്നതിന് 1,21,32,000 രൂപ പ്രതിവർഷം കോർപറേഷനു വരുമാനം ലഭിക്കാവുന്ന രീതിയിൽ പരസ്യ കമ്പനിയുടെ ടെൻഡറും കൗൺസിൽ അംഗീകരിച്ചു. സ്വകാര്യകമ്പനിയായ സീറോ ഡിഗ്രിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. ആകാശപ്പാതയുടെ പരിപാലനത്തിനായി ചെലവുവരുന്ന തുക അതിൽനിന്നുതന്നെ കണ്ടെത്തുക എന്ന നിലയിലാണ് ഇക്കാര്യം അംഗീകരിച്ചത്. ഈ തീരുമാനപ്രകാരം രണ്ടു പദ്ധതിക്കുംവേണ്ടി ചെലവായ ആകെ 13 കോടിയിലേക്ക് 10 വർഷത്തിനകം 12.10 കോടി രൂപ തിരികെ ലഭിക്കുമെന്നും മേയർ പറഞ്ഞു.
ഗോവൻയാത്രയും ഇഎംഎസ് ഫ്ലാറ്റും ഉയർത്തി പ്രതിപക്ഷം
വികസനസദസ് നടത്തി ലക്ഷങ്ങൾ പൊടിച്ചും മാലിന്യത്തിന്റെ പേരിൽ ഗോവൻയാത്ര നടത്തിയും മേയറും സംഘവും ധൂർത്ത് നടത്തിയെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ ആരോപിച്ചു.
ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഉൾപ്പെടെ ഭൂരിഭാഗം കൗൺസിലർമാരും പങ്കെടുക്കാത്ത വികസനസദസിനു ലക്ഷങ്ങളാണ് ചെലവഴിച്ചത്. മാലിന്യസംസ്കരണത്തിന്റെ പേരിൽ മേയർ താൽക്കാലിക ജീവനക്കാരെ ഉൾപ്പെടെ കോർപറേഷന്റെ ചെലവിൽ ഗോവയ്ക്കു ടൂർ കൊണ്ടുപോയി. ജനങ്ങളുടെ പേരിൽ ധൂർത്തുയാത്ര നടത്തി ഭരണത്തിന്റെ അവസാനനാളുകൾ മേയർ ആസ്വദിക്കുകയാണെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി.
രാമവർമപുരം ഇഎംഎസ് ഫ്ലാറ്റിൽ താമസിക്കുന്നവരുടെ ദുരവസ്ഥ കൗൺസിൽ ആരംഭിച്ചയുടൻതന്നെ ജോൺ ഡാനിയൽ ഉന്നയിച്ചു. വികസനസദസിന്റെ പേരിൽ ഊറ്റംകൊള്ളുന്നവർ രാമവർമപുരം ഇഎംഎസ് ഫ്ലാറ്റിൽ താമസിക്കുന്നവരുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണുന്നില്ല. വിഷയത്തിൽ പ്രോജക്ട് പ്രഖ്യാപിച്ച് അടിയന്തര നവീകരണപ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നു ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.