കരുമത്ര പരിശുദ്ധ ആരോഗ്യമാതാ ദേവാലയത്തിലെ എട്ടുനോമ്പ് തിരുനാൾ ഇന്ന്
1451664
Sunday, September 8, 2024 6:40 AM IST
പുന്നംപറമ്പ്: കരുമത്ര പരിശുദ്ധ ആരോഗ്യമാതാ ദേവാലയത്തിലെ എട്ടുനോമ്പുതിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ ഏഴിന് വിശുദ്ധ കുർബാന, പൊതുമാമോദിസ, തുടർന്ന് 10.30നു നടക്കുന്ന ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്ക് തൃശൂർ ലൂർദ് കത്തീഡ്രൽ ഫൊറോന വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. മേരിമാതാ മേജർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ തിരുനാൾസന്ദേശംനൽകും. തുടർന്ന് തിരുനാൾ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജീവകാരുണ്യ സഹായവിതരണംനടക്കും. വൈകീട്ട് 3.30ന് ഫാ. ബിജു പാണേങ്ങാടന്റെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം ജപമാലപ്രദക്ഷിണം, മാതാവിന്റെ ബർത്ത്ഡേ കേക്ക് മുറിക്കൽ എന്നിവ ഉണ്ടാകും. തുടർന്ന് എയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴയുടെ ഗാനമേള നടക്കും. തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരണപ്പെട്ടവർക്കുവേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടാകും.
ചടങ്ങുകൾക്ക് ഇടവകവികാരി ഫാ. മനോജ് കീഴൂരുമുട്ടിക്കൽ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ആന്റണി വടക്കൻ, കൈക്കാരന്മാരായ ഷാജു ചീരൻ, സൈമൺ തേർമഠം, പബ്ലിസിറ്റി കൺവീനർ പോൾ നീണ്ടുശേരി തുടങ്ങിയവർ നേതൃത്വംനൽകും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേശദാനം
പുന്നംപറമ്പ്: കരുമത്ര പരിശുദ്ധ ആരോഗ്യമാതാവിന്റെ ദേവാലയത്തിലെ എട്ടുനോമ്പുതിരുനാളിന്റെ ഭാഗമായി കേശദാനംനടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് അമ്പതോളം സ്ത്രീകൾ കേശദാനം നടത്തിയത്.
അമല ഹോസ്പിറ്റൽ ജോ. ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി ഉദ്ഘാടനംചെയ്തു. ഇടവകവികാരി ഫാ. മനോജ് കീഴൂരുമുട്ടിക്കൽ അധ്യക്ഷതവഹിച്ചു. വിമലാലയം കോൺവെന്റ് മദർ സിസ്റ്റർ മേഴ്സി ചാലക്കൽ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ആന്റണി വടക്കൻ, കൈക്കാരൻമാരായ ഷാജു ചീരൻ, സൈമൺ തേർമഠം, പോൾ നീണ്ടുശേരി തുടങ്ങിയവർ പങ്കെടുത്തു.