ഇനി രാമനാമജപത്തിന്റെ പുണ്യമാസം; ദർശനസാഫല്യത്തിനായി നാലന്പലങ്ങൾ ഒരുങ്ങി
1436472
Tuesday, July 16, 2024 12:19 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇന്ന് കർക്കടകം ഒന്ന്. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു നയിക്കേണമേ എന്ന പ്രാർഥനയോടെ നാടായ നാടെങ്ങും ഇനി രാമായണപാരായണം കേൾക്കാം. രാമലക്ഷ്മണൻമാരുടെയും ഭരതശത്രുഘ്നൻമാരുടെയും സീതാദേവിയുടെയും ഒപ്പം ആഞ്ജനേയന്റെയും നാമങ്ങൾ ഉരുവിട്ട് കർക്കടകപ്പുലരികളെയും സായന്തനങ്ങളെയും ഭക്തിസാന്ദ്രമാക്കുന്ന കേരളക്കര.
രാമനാമജപങ്ങൾ പെയ്തിറങ്ങുന്ന കർക്കടകത്തിൽ ശ്രീരാമചന്ദ്രനും ലക്ഷ്മണനും ഭരതനും ശത്രുഘ്നനും വാഴുന്ന ക്ഷേത്രങ്ങളിൽ ഒരൊറ്റദിവസം ദർശനം നടത്തുന്നതു മഹാപുണ്യമായി കരുതുന്നു. തൃപ്രയാറിൽ ശ്രീരാമചന്ദ്രനെയും മൂഴിക്കുളത്ത് ലക്ഷ്മണനെയും കൂടൽമാണിക്യത്തിൽ ഭരതനെയും പായമ്മലിൽ ശത്രുഘ്നനെയും കണ്ട് പുണ്യം നേടാൻ ആയിരങ്ങളാണ് ഓരോ ദിവസവും എത്തുന്നത്. വിപുലമായ സൗകര്യങ്ങളാണ് നാലന്പലദർശനത്തിനെത്തുന്ന ഭക്തർക്കായി ഒരുക്കിയിട്ടുള്ളത്.
തൃപ്രയാർ: ഇവിടെ
ശ്രീരാമനുണ്ട്
ശ്രീരാമചന്ദ്രൻ വാഴുന്ന തൃപ്രയാർ ക്ഷേത്രം. നാലന്പലദർശനം തുടങ്ങേണ്ടത് ശ്രീരാമചന്ദ്രനെ തൃപ്രയാറിൽ കണ്ടു വണങ്ങിയിട്ടാണ്. ഭക്തർക്ക് പുലർച്ചെ 2.45 ന് മതിൽക്കെട്ടിനകത്തെ ക്യൂവിൽ നിൽക്കാൻ സൗകര്യമുണ്ട്. പുലർച്ചെ മൂന്നിന് നട തുറക്കും. പുലർച്ചെ 5.15 മുതൽ 6.15 വരെ എതൃത്ത് പൂജാസമയത്തും 6.30 മുതൽ 7.15 വരെ പന്തീരടിപൂജസമയത്തും ദർശനം ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 വരെയാണ് ദർശനം.
വൈകീട്ട് 4.30 മുതൽ രാത്രി എട്ടുവരെയാണ് ദർശനം. കതിനവെടി, മീനൂട്ട്, അവിൽ നിവേദ്യം എന്നിവ പ്രധാന വഴിപാടുകൾ.
കൂടൽമാണിക്യം:
ഭരതനാണിവിടെ
ശ്രീരാമസഹോദരൻ ഭരതന്റെ ക്ഷേത്രം. വെളുപ്പിനു മൂന്നിനു നടതുറക്കും. 7.20 ന് എതൃത്ത്പൂജയ്ക്കുകഴിഞ്ഞു നടയടച്ചശേഷം 8.20 ന് തുറക്കും.
ഉച്ചയ്ക്ക് 11 ന് അടച്ച് 11.30 ന് തുറക്കും. വൈകീട്ട് അഞ്ചിന് തുറന്ന് 8.15 ന് നട അടയ്ക്കും. ഏറ്റവും പ്രധാന വഴിപാടാണ് താമരമാല. താമരപ്പൂവ്, നെയ് വിളക്ക്, പുഷ്പാഞ്ജലി, മീനൂട്ട്, പറ എന്നീ വഴിപാടുകളും നെയ്പായസം, വഴുതനങ്ങ, അവിൽ എന്നീ നിവേദ്യങ്ങളും പ്രധാനമാണ്.
മൂഴിക്കുളം:
ലക്ഷ്മണനെ കാണാം
ലക്ഷ്മണപ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് മൂഴിക്കുളം ലക്ഷ്മണ പെരുമാൾ സ്വാമി ക്ഷേത്രം. പുലർച്ചെ 4.30നു ദർശനത്തിനായി നടതുറക്കും. 12ന് ഉച്ചപൂജയ്ക്കുശേഷം ഒരുമണിക്ക് നടയടയ്ക്കും.
വൈകീട്ട് 4.30നായിരിക്കും നടതുറക്കുക. രാത്രി എട്ടുവരെ ദർശനം നടത്താം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടിനാണ് നടയടക്കുക.പാൽപ്പായസമാണ് പ്രധാന വഴിപാട്. ഗണപതിക്ക് ഒറ്റയപ്പം, ഉണ്ണിയപ്പം, അരവണ, അവിൽനിവേദ്യം, ശാസ്താവിന് എള്ളുതിരി, ജപിച്ച ചരട് എന്നിവയും ഇവിടത്തെ പ്രധാന വഴിപാടുകൾ തന്നെ.
പായമ്മൽ:
ശത്രുഘ്നൻ വാഴുമിടം
ഇരിങ്ങാലക്കുടയിൽനിന്ന് ഏഴു കിലോമീറ്റർ മാറി അകലെ പൂമംഗലം പഞ്ചായത്തിലാണ് രാമസഹോദരൻ ശത്രുഘ്നന്റെ പ്രതിഷ്ഠയുള്ള പായമ്മൽ ക്ഷേത്രം.
വെളുപ്പിന് അഞ്ചിന് നടതുറക്കും. സുദർശന പുഷ്പാഞ്ജലി, സുദർശനചക്രം സമർപ്പിക്കൽ, ചന്ദനം ചാർത്തൽ, ശംഖാഭിഷേകം, അവിൽനിവേദ്യം, ഗണപതിഹോമം എന്നിവയാണ് വഴിപാടുകൾ. സുദർശന പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്.
പുലർച്ചെ 5.30ന് നടതുറന്ന് ഉച്ചയ്ക്കു രണ്ടിന് അടയ്ക്കും. വൈകീട്ട് 4.30നു തുറന്ന് രാത്രി ഒന്പതിന് അടയ്ക്കും.