ജീവന് തുടിക്കുന്ന ഒട്ടകത്തെ ഒരുക്കി നികേഷ്
1422999
Friday, May 17, 2024 1:29 AM IST
സ്വന്തം ലേഖകൻ
കോടാലി: കലാകാരനായ നികേഷ് നിർമിച്ച ചലിക്കുന്ന ഒട്ടകം കൗതുകമാകുന്നു. ഇരുമ്പുകമ്പികളും തെര്‍മോക്കോളും വെല്‍വെറ്റും ഉപയോഗിച്ച് എട്ടടിയോളം ഉയരത്തിലുള്ള ഒട്ടകത്തെയാണ് നിര്‍മിച്ചിരിക്കുന്നത്.
ചലിക്കുന്ന ഒട്ടകം പുതുമയാണ്. കോടാലി കുട്ടിയമ്പലം പരിസരത്തുള്ള നികേഷിന്റെ വീട്ടുമുറ്റത്തു തലയുയര്ത്തിനില്ക്കുന്ന ഒട്ടകം കാഴ്ചക്കാർക്കു വിസ്മയമാണ്. ഒരു മാസത്തെ അധ്വാനത്തിനൊടുവിലാണ് ഒട്ടകം തയാറായത്.
ചെറുപ്പംമുതലേ ശില്പനിര്മാണത്തിലും ചിത്രംവരയിലും അഭിരുചിയുള്ള നികേഷ് വലിയൊരു ആനപ്രേമികൂടിയാണ്. പതിനെട്ടാമത്തെ വയസിൽ കൊന്പനാനയുടെ രൂപം നിർമിച്ച് ശ്രദ്ധേയനായി. തുമ്പിക്കൈയും ചെവികളും ആട്ടുന്ന ആനകള്‍ക്കും രൂപംനല്കി.
കഴിഞ്ഞ വര്‍ഷം തുമ്പിക്കൈ ഉയര്‍ത്തുകയും ചെവികളാട്ടുകയും മസ്തകം കുലുക്കുകയും ചെയ്യുന്ന പത്തടി ഉയരമുള്ള കരിവീരനെയാണ് ഈ യുവാവ് നിർമിച്ചത്. ചേക്കിലെ മാധവന് എന്നു പേരിട്ട ഈ കൊമ്പന് ഇരുവശത്തേക്കും കണ്ണുകള്‍ ചലിപ്പിക്കാനും കഴിയും. രണ്ടുലക്ഷം രൂപയോളം ചെലവഴിച്ചാണ് മൂന്നുമാസം സമയമെടുത്ത് നികേഷ് ഈ കൊമ്പനാനയെ നിര്‍മിച്ചത്.
ഓട്ടോമൊബൈല്‍ മെക്കാനിസം പഠിച്ചതിന്റെ പിന്‍ബലമാണ് മൃഗങ്ങളുടെ രൂപങ്ങള്‍ക്കു ചലനശേഷി നല്കാന് നികേഷിനെ സഹായിക്കുന്നത്.
ഒട്ടകത്തിന്റെ നിര്‍മാണത്തിന് എണ്‍പതിനായിരത്തോളം രൂപയാണ് ചെലവഴിച്ചത്. രണ്ടുപേര്‍ക്കു പുറത്തുകയറിയിരിക്കാനാവും. ആനകളെയും ഒട്ടകത്തെയും കാണാന്‍ നിരവധി പേര് എത്തുന്നുണ്ട്. ഉത്സവത്തിനും പെരുന്നാളിനും പ്രദര്‍ശിപ്പിക്കാനായി ഇവയെ പലരും കൊണ്ടുപോകാറുമുണ്ട്.