ആനയാഭരണങ്ങൾ കാണാൻ വൻതിരക്ക്
1417068
Thursday, April 18, 2024 1:48 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മേടപ്പൊൻവെയിലിനെ നോക്കി ചിരിച്ചുയരാൻ കാത്തുനിൽക്കുന്ന വർണക്കുടകൾ, തിളക്കുന്ന സൂര്യരശ്മികൾ ഏറ്റുവാങ്ങി വെട്ടിത്തിളങ്ങാൻ വെമ്പുന്ന നെറ്റിപ്പട്ടങ്ങൾ, ആകാശം കാണാത്ത അനേകായിരം പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, പൂരക്കാറ്റിൽ പൂത്തുലയാൻ കാത്തുനിൽക്കുന്ന കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ... കരിവീരച്ചന്തത്തിനു മാറ്റുകൂട്ടുന്ന ആനയാഭരണങ്ങളുടെ രഹസ്യ ചമയപ്പുര തുറന്നപ്പോൾ കണ്ട കാഴ്ചകളിതാണ്.
ആനച്ചൂരും ആനച്ചൂടും മാത്രമല്ല മേടവെയിലും മേടക്കാറ്റുമേൽക്കാത്ത പുതുപുത്തൻ ആനച്ചമയങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതും മോഹിപ്പിക്കുന്നതും.
കുടമാറ്റത്തിന് ഉപയോഗിക്കുന്ന നാല്പതിലധികം സെറ്റ് കുടകൾ, സ്പെഷൽ കുടകൾ എന്നിവയെല്ലാം ചമയക്കാഴ്ചകളിലുണ്ട്. തിരുവമ്പാടി വിഭാഗം കൗസ്തുഭത്തിലും പാറമേക്കാവ് വിഭാഗം അഗ്രശാലയിലും ചമയപ്പുരകളുടെ വാതിലുകൾ തുറന്നപ്പോൾ രാവിലെ മുതൽ വൻതിരക്കാണ് ആനയാഭരണക്കാഴ്ചകൾ കാണാനെത്തുന്നത്.
വൈകീട്ട് സാമ്പിൾ കാണാൻ എത്തുന്നവർ ചമയപ്പുരകളിലേക്കുകൂടി കയറിയതോടെ തിരക്കു കൂടി. വരി നീണ്ടു. ആനച്ചമയങ്ങൾക്കരികെ നിന്ന് സെൽഫി എടുക്കാനും തിരക്കുണ്ട്.
പണ്ടൊക്കെ പൂരത്തലേന്നു മാത്രമാണ് ആനച്ചമയപ്രദർശനം ഉണ്ടായിരുന്നത്. ഇപ്പോൾ രണ്ടു ദിവസം നടത്തിയിട്ടും തിരക്കൊഴിയാത്ത സ്ഥിതിയാണ്. രാത്രി 12 വരെ ചമയപ്രദർശനം കാണാൻ ആളുകളെ കയറ്റി. ഇന്നും രാവിലെ മുതൽ അർധരാത്രി വരെ പ്രദർശനം കാണാം.