ദേവാലയങ്ങളില്‍ തിരുനാള്‍: കാരുണ്യപദ്ധതികൾക്കും പ്രാധാന്യം
1415440
Wednesday, April 10, 2024 1:40 AM IST
മറ്റം നിത്യസഹായമാതാവിന്റെ തിരുനാൾ
മറ്റം: നിത്യസഹായമാതാവിന്റെ തീർഥകേന്ദ്രത്തിലെ 86-ാമത് തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. 12 മുതൽ 16 വരെയാണ് തിരുനാളാഘോഷം.
തിരുനാളിന്റെ ഭാഗമായി രണ്ടുലക്ഷം രൂപയുടെ കാരുണ്യപദ്ധതികള്‍ നടത്തും.
12ന് വൈകീട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച. വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം എന്നീ തിരുക്കർമങ്ങൾക്കു രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികനാകും. തുടർന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ ഗുരുവായൂർ എസിപി സി. സുന്ദരൻ നിർവഹിക്കും. 13ന് രാവിലെ ആറിന് വിശുദ്ധ കുർബാന, കിരീടം എഴുന്നള്ളിപ്പ്. വൈകീട്ട് അഞ്ചിന് കിരീടസമർപ്പണത്തിന് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വംവഹിക്കും.
രാത്രി 10ന് കിരീടം എഴുന്നള്ളിപ്പ് സമാപനവും ബാൻഡ് മത്സവും നടക്കും. 14ന് തിരുനാൾ ദിനത്തിൽ രാവിലെ 5.30, 7.30, 8.30 വൈകിട്ട് നാലിനും വിശുദ്ധ കുർബാന. രാവിലെ 10ന് തിരുനാൾ പാട്ടുകുർബാനയ്ക്ക് തൃശൂർ ലൂർദ് കത്തീഡ്രൽ അസി.വികാരി ഫാ. അനു ചാലിൽ മുഖ്യകാർമികത്വംവഹിക്കും. റവ.ഡോ. അലക്സ് മരോട്ടിക്കൽ സന്ദേശംനൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 6.45ന് ഇടവകപള്ളിയിൽനിന്ന് തീർഥകേന്ദ്രത്തിലേക്ക് ആഘോഷമായ കിരീടം എഴുന്നള്ളിപ്പ്. 15ന് രാവിലെ മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമങ്ങൾ, രാത്രി ഏഴിന് നാടകം. 16ന് രാത്രി ഏഴിന് ഗാനമേള എന്നിവയുമുണ്ടാകുമെന്ന് വികാരി റവ.ഡോ. ഷാജു ഊക്കൻ, അസി.വികാരി ഫാ. ജോയൽ ചിറമ്മൽ, മാനേജിംഗ് ട്രസ്റ്റി കെ.എഫ്. സൈമൺ, ജനറൽ കൺവിനർ സി.ടി. ഫ്രാൻസിസ്, മീഡിയ കൺവീനർ പി.ടി. സേവി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാവീട് സെന്റ് ജോസഫ്സ്
ദേവാലയ തിരുനാൾ
ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിലെ വിശു ദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും മാർത്ത് മറിയത്തിന്റെയും സംയുക്ത തിരുനാൾ 12 മുതല്‍ 15 വരെ ആഘോഷിക്കും.
ജൂബിലി ആശുപത്രിയിൽ ഡയാലിസിസിന് ഒരുലക്ഷം രൂപയും സാധുക്കളെ സഹായിക്കാനായി ഒരു ലക്ഷവുമടക്കം രണ്ടുലക്ഷത്തിന്റെ കാരുണ്യപദ്ധതികൾ നടപ്പിലാക്കും. 12ന് വൈകിട്ട് ദീപാലങ്കാരം സ്വിച്ച്ഓൺ എൻ.കെ. അക്ബർ എംഎൽഎ നിർവഹിക്കും.
13ന് രാവിലെ ആറിന് വിശുദ്ധ കുർബാനയ്ക്ക് ഫാ. വർഗീസ് പാലത്തിങ്കൽ കാർമികത്വംവഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, വീടുകളിലേക്ക് അമ്പ്, വള എഴുന്നള്ളിപ്പ് ആശിർവദിച്ചുനൽകും. 14ന് തിരുനാൾദിനത്തിൽ രാവിലെ 6.30, 10.30ന് വൈകിട്ട് നാലിന് വിശുദ്ധ കുർബാന. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജെയ്ക്കബ് പള്ളിപ്പുറത്ത് മുഖ്യകാർമികനാകും. ഫാ. ലിജോ ബ്രഹ്മകുളം സന്ദേശംനൽകും. വൈകിട്ട് പ്രദക്ഷിണം, വർണക്കാഴ്ച.
കെസിവൈഎം, സിഎൽസി സംഘടനകളുടെ നേതൃത്വത്തിൽ ബാൻഡ് മേളവും നടക്കും. 15ന് രാവിലെ മരിച്ചവർക്കുവേണ്ടിയുള്ള ഓർമബലിയും രാത്രി ഏഴിന് കാവീട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഗീതനിശയും ഉണ്ടാവുമെന്ന് വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ, ജനറൽ കൺവീനർ സി.വി. ജെയ്സൺ, ട്രസ്റ്റിമാരായ ഫുൾജൻ ഫ്രാൻസിസ്, എം.എം. ബോസ്കോ, വി.ജെ. ട്രിജോ, പിആർഒ എം.എഫ്. ജോയ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈലത്തൂർ തിരുനാൾ
വൈലത്തൂർ: സെന്റ് കുരിയാക്കോസ് സഹദായുടെ പള്ളിയിലെ സംയുക്ത തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് മിഖായേൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ തിരുനാൾകമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ട് വീടുകളുടെ താക്കോൽ ദാനം മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
വികാരി ഫാ. വർഗീസ് പാലത്തിങ്കൽ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ വി. ബാബു ജോസ്, ട്രസ്റ്റിമാരായ ജോസ് വടക്കൻ, ജോർജ് ചുങ്കത്ത്, ഡെന്നി തലക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു.
12 ലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർമിച്ചത്.