അനധികൃത മദ്യവിൽപ്പന: യുവാവ് പിടിയിൽ
1397282
Monday, March 4, 2024 1:12 AM IST
ചാവക്കാട് : എക്സൈസിന്റെ പരിശോധനയിൽ പുന്നയൂർക്കുളം ചെറായിയിൽ വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 90 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം യുവാവിന്റെ കിടപ്പുമുറിയിൽനിന്നു പിടികൂടി.
ചെറായി വടക്കൂട്ട് റഹീം എന്ന് വിളിക്കുന്ന നിസാറിനെ(39) അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.സി. അനന്തനും സംഘവുമാണ് മദ്യം പിടികൂടിയത്. അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്കാണ് ഇയാൾ മദ്യം വിൽപ്പന നടത്തിയിരുന്നത്. മദ്യ വില്പന നടത്തുന്നതായുള്ള രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് നിസാറിന്റെ കിടപ്പുമുറിയിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 45 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെടുത്തത്.
ഇയാൾ പ്രധാനമായും അതിരാവിലെയും അസമയങ്ങളിലും വീട്ടിൽ വെച്ചാണ് മദ്യം വിറ്റുകൊണ്ടിരുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി.ആർ. സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ റൂബി, പി.ബി. സിവിൽ എക്സൈസ് ഓഫീസർ എസ്. ശ്യാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.