കാരികുളത്ത് പുഴകടന്നെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
1397169
Sunday, March 3, 2024 7:54 AM IST
വരന്തരപ്പിള്ളി: പുഴകടന്നെത്തിയ കാട്ടാനക്കൂട്ടം പുലിക്കണ്ണി, കാരികുളം പ്രദേശത്തെ പറമ്പുകളില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാരികുളം കടവില്‍ കുഴിയാനിമറ്റം ജെയിംസ്, കുഴിയാനിമറ്റം ഷാജി എന്നിവരുടെ പറമ്പിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.
ജെയിംസിന്റെ പറമ്പിലെ നൂറിലേറെ റബര്‍ തൈകളും ഷാജിയുടെ പറമ്പിലെ 50 ഓളം കുലച്ച വാഴകളും തെങ്ങുകളും ജാതിമരങ്ങളും കവുങ്ങുകളും ആനകള്‍ നശിപ്പിച്ചു. ഓത്തനാട് ഭാഗത്തെ റബര്‍ തോട്ടത്തിലെത്തിയ ആനക്കൂട്ടം കുറുമാലിപ്പുഴ കടന്ന് പുഴയോരത്തുള്ള പറമ്പുകളില്‍ നാശം വിതയ്ക്കുകയായിരുന്നു. മരങ്ങള്‍ ഒടിക്കുന്ന ശബ്ദം കേട്ടാണ് ആനകള്‍ ഇറങ്ങിയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. കൂട്ടമായെത്തിയ ആനകളെ തുരത്താന്‍ വീട്ടുകാര്‍ക്കു കഴിഞ്ഞില്ല.
പുലര്‍ച്ചെവരെ പറമ്പുകളില്‍ നിലയുറപ്പിച്ച ആനക്കൂട്ടം രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് തൊട്ടടുത്ത റബര്‍തോട്ടത്തിലേക്കു പോയത്. ആനകളെ കണ്ട് വഴിയാത്രക്കാരും വാഹനയാത്രികരും മാറിനില്‍ക്കുകയായിരുന്നു. കാട്ടാനകള്‍ ഇറങ്ങി കൃഷിനശിപ്പിച്ച സ്ഥലങ്ങളില്‍ വനം വകുപ്പ് അധികൃതരും മലയോര കര്‍ഷകസമിതി പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തി. കഴിഞ്ഞവര്‍ഷവും കാട്ടാനക്കൂട്ടം ഇറങ്ങി കാരികുളത്ത് വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നതു പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.