ൈബക്കിലെത്തി സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്ന യുവാവ് പിടിയില്‍
1339330
Saturday, September 30, 2023 12:46 AM IST
ഇരിങ്ങാലക്കുട: ബൈക്കിലെത്തി സ്ത്രീയെ അക്രമിച്ച് മാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. വെള്ളിക്കുളങ്ങര കുണ്ടുകുഴിപാടം പണ്ടാരപറമ്പില്‍ വീട്ടില്‍ അമല്‍(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പുല്ലൂര്‍ പുളിഞ്ചോടിന് സമീപം തൊഴിലുറപ്പ് പദ്ധതിയുടെ യോഗം കഴിഞ്ഞ് ബസ് ഇറങ്ങി അയല്‍ക്കാരിയോടൊപ്പം നടന്നു പോവുകയായിരുന്ന ആനുരുളി സ്വദേശിനിയായ രമണി (59) എന്ന സ്ത്രീയെ അടിച്ചു വീഴ്ത്തി രണ്ടരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. 28നായിരുന്നു സംഭവം. സംഭവം നടന്ന ഉടനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ കൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ബസ് ഇറങ്ങി തനിച്ചുപോകുന്ന സ്ത്രീകളെ പിന്തുടര്ന്ന് വിജനമായസ്ഥലത്തുവച്ച് അടിച്ചു വീഴ്ത്തി മാല കവരുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ പേരില്‍ മണ്ണുത്തി, ചാലക്കുടി, കൊടകര എന്നീ പോലീസ് സ്റ്റേഷനുകളില്‍ പത്തോളം സമാന കേസുകള്‍ നിലവില്‍ ഉണ്ട്.
26ന് കൊടകര പൊലീസ് സ്റ്റേഷന് പരിധിയിലെ വഴിയമ്പലം എന്ന സ്ഥലത്തുവച്ച് ഓമന മോഹന്‍ദാസ് എന്ന സ്ത്രീയുടേയും, അതേദിവസംതന്നെ കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയിലെ പുലാനിയില്വച്ച് ശോഭന പ്രേമന് എന്നീ സ്ത്രീയുടെയും മാല പൊട്ടിക്കാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം കേസുകളുടെ നടത്തിപ്പിനും, ആഡംബര ബൈക്ക് വാങ്ങിയ ബാധ്യത തീര്‍ക്കാനുമാണ് ഉപയോഗിച്ചിരുന്നത്.
ഒറ്റയ്ക്ക് സഞ്ചരിച്ച് സമാനരീതിയില്‍ മോഷണങ്ങള്‍ നടത്തിയിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ചും പുല്ലൂര്‍, ആളൂര്‍, കൊടകര, ചാലക്കുടി, പൂലാനി മേഖലകളിലെ നൂറോളം സിസിടിവി കാമറകള്‍ പരിശോധിക്കുന്നതിനുവേണ്ടി 20 ഓളം പേര് അടുങ്ങുന്ന സംഘത്തെ ആണ് നിയോഗിച്ചിരുന്നത്.
അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ എന്‍.കെ. അനില്‍കുമാര്‍, കെ.പി. ജോര്‍ജ്, ജയകൃഷ്ണന്, സെന്‍കുമാര്‍, സൂരജ് വി. ദേവ്, ജീവന്, സോണി, രാഹുല്‍ അമ്പാടന്‍, സജു, വിപിന്‍ വെള്ളാംപറമ്പില്‍ ലൈജു എന്നിവരും ഉണ്ടായിരുന്നു.