യൂത്ത് കോണ്‍ഗ്രസിന്റെ ക്രൈം ബ്രാഞ്ച് ഓഫീസ് മാർച്ചിൽ സംഘർഷം
1337094
Thursday, September 21, 2023 1:12 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ തട്ടിപ്പു കേസിലെ പ്രതികളെയും സിപിഎം നേതാക്കളേയും അന്വേഷണം ആദ്യം നടത്തിയ ക്രൈം ബ്രാഞ്ച് സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഷാഫി പറന്പിലിനും പ്രവർത്തകർക്കും നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരുമായി നേരിയ സംഘർഷമുണ്ടായി.
പിന്നീട് നേതാക്കൾ തന്നെ പ്രവർത്തകരെ ശാന്തരാക്കുകയും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തൃശൂർ ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് ക്രൈം ബ്രാഞ്ച് ഓഫീസിനു സമീപം വെച്ച് പോലീസ് തടഞ്ഞു. ശക്തമായ പോലീസ് സന്നാഹമാണ് ക്രൈം ബ്രാഞ്ച് ഓഫീസിനു സമീപം നിലയുറപ്പിച്ചിരുന്നത്. റോഡിൽ നിരത്തിയ ബാരിക്കേഡുകൾ ഭേദിച്ച് മുന്നോട്ടുപോകാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറന്പിൽ ഉദ്ഘാടനം ചെയ്തു.
2021ൽ ആരംഭിച്ച ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ അവർ തയ്യാറായിട്ടില്ലെന്നും ഇത് സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്നും ഷാഫി പറന്പിൽ ആരോപിച്ചു.