വേണ്ടതെല്ലാം വാങ്ങിച്ചോണം
1589045
Thursday, September 4, 2025 12:18 AM IST
കോട്ടയം: ഇന്ന് ഉത്രാടപ്പാച്ചില്‍. നാളെ പൊന്നോളണത്തിനുള്ള വിഭവങ്ങളും ഉടയാടകളും പൂക്കളും വാങ്ങാന്‍ നാടും നഗരവും കമ്പോളങ്ങളില്‍ സംഗമിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് പൂര്‍ണതയിലെത്തുന്നത് ഉത്രാടദിനത്തിലാണ്.
ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ ഓണവിപണിയെ വര്‍ണാഭമാക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെതന്നെ ഒരുങ്ങിയിരുന്നു. ചെറുതും വലുതുമായ വസ്ത്രവില്പന ശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്.
അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ഓണവിഭവങ്ങള്‍ ഇന്നലെ കേരളത്തിലെത്തി. പാല് മുതല്‍ പഴം വരെ അയല്നാടുകളില്നിന്നാണ് എത്തുന്നത്. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറിയും പാലും വില്‍ക്കുന്നത് ഓണത്തിനാണ്. ഒരു ലിറ്റര്‍ പാലട പ്രഥമന്‍ 180 മുതല്‍ 250 രൂപ വരെ വിലയുണ്ട്. കുടുംബശ്രീ ഓണസദ്യയും ഓണവിഭവങ്ങളും വീട്ടിലെത്തിക്കുന്നുണ്ട്.
പച്ചക്കറിക്ക് ഏറ്റവും വില ഉയരുന്നതും ഉത്രാടത്തിനാണ്. വസ്ത്രാലയങ്ങളിലും വീട്ടുപകരണ കമ്പോളത്തിലും ഇലക്ട്രോണിക്സ് വിപണനകേന്ദ്രങ്ങളിലും വന്‍തോതില്‍ വ്യാപാരം നടക്കുന്നു.
നാളെ ഒരുക്കാനുള്ള വിഭവങ്ങള്‍ സമാഹരിക്കാന്‍ ഇന്നു രാവിലെ മുതല്‍ കമ്പോളത്തില്‍ തിരക്കേറും. ഇന്നും നാളെയും മഴ ശക്തിപ്പെടുമെന്ന ആശങ്ക ഓണത്തിന്റെ തിളക്കം കെടുത്തിയേക്കാം. വഴിക്കമ്പോളങ്ങളില് വില്പനയ്ക്കെത്തിയവർക്കാണ് ഏറ്റവും ആശങ്ക. ഓണത്തിന് കുടുംബത്തില്‍ സംഗമിക്കാന്‍ വിദൂരങ്ങളില്നിന്നുള്ളവരും നാട്ടിലെത്തും. വാഹനങ്ങളിലും ഇതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.