അമ്മമാർ കുടുംബത്തിന്റെ വിളക്കും യുവത സഭയുടെ കരുത്തും: മാർ ജോസ് പുളിക്കൽ
1589013
Wednesday, September 3, 2025 11:01 PM IST
കാഞ്ഞിരപ്പള്ളി: അമ്മമാർ കുടുംബത്തിന്റെ വിളക്കായി സ്നേഹത്തോടെ പ്രാർഥനപൂർവം പങ്കുവച്ച് കുടുംബത്തെ ചേർത്തുപിടിക്കേണ്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. രൂപത എസ്എംവൈഎമ്മിന്റെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽനിന്ന് പഴയപള്ളിയിലേക്ക് നടത്തിയ മരിയൻ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പുളിക്കൽ.
കാവലും കരുതലും കരുത്തുമായിട്ട് മാറേണ്ടവരാണ് മാതൃവേദിയുടെ അമ്മമാർ. യുവജനങ്ങൾ ഭവനത്തിലും സഭയിലും സമൂഹത്തിലും കരുത്തുറ്റ വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാന്നിധ്യങ്ങളായി നയിക്കേണ്ടവരാണ്. സഭയുടെ ഇന്നത്തെ കരുത്തും നാളെയുടെ സ്വപ്നവുമാണ് യുവജനങ്ങൾ. ഇന്നത്തെ സഭയ്ക്ക് കരുത്തു പകരുന്ന യുവസാന്നിധ്യങ്ങളെ സഭാമാതാവ് വലിയ സ്നേഹത്തോടുകൂടി ചേർത്തുപിടിക്കുന്നുണ്ട്. വിശ്വാസത്തിന്റെ ധീരസാന്നിധ്യങ്ങളും സാക്ഷികളുമായി യുവജനങ്ങൾ മാറട്ടേയെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലിയുടെയും മാതൃവേദിയുടെ മുപ്പതാം വാര്ഷികത്തോടുമനുബന്ധിച്ചാണ് രൂപത മാതൃവേദിയുടെയും എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ മരിയന്‍ തീർഥാടനം നടത്തിയത്.
രാവിലെ സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തി.
തുടര്‍ന്ന് രൂപത വികാരി ജനറാള്‍മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം മാതൃവേദി പതാകയും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എസ്എംവൈഎം പതാകയും രൂപത പ്രസിഡന്റുമാര്‍ക്കു നല്കി തീർഥാടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജപമാല ചൊല്ലി ടൗണ്‍ചുറ്റി പഴയപളളി അങ്കണത്തിലെത്തി. പരിശുദ്ധ അമ്മയുടെ 30 പ്രത്യക്ഷീകരണങ്ങൾ ഉൾച്ചേർത്തുകൊണ്ട് നടത്തിയ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
അക്കരപ്പള്ളിയില്‍ എത്തിച്ചേ ര്‍ന്ന തീർഥാടകരെ കത്തീഡ്രല്‍ വികാരി റവ.ഡോ. കുര്യന് താമരശേരി സ്വാഗതം ചെയ്തു. രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറ എന്നിവര്‍ വിശുദ്ധ കുർബാന അര്‍പ്പിച്ചു.
തീർഥാടനത്തിന് മാതൃവേദി, എസ്എംവൈഎം ഡയറക്ടര്‍മാരായ ഫാ. മാത്യു ഓലിക്കല്‍, ഫാ. തോമസ് നരിപ്പാറ, ആനിമേറ്റര്‍ സിസ്റ്റർ റോസ്മി എസ്എബിഎസ്, റീജന്റ് ബ്രദര്‍ കെവിന്, എസ്എംവൈഎം ഡപ്യൂട്ടി പ്രസിഡന്റ് ഡിജു കൈപ്പന്‍പ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ഷെബിന്‍ ജോയി, കൗണ്‍സിലർ ആന്‍ മരിയ കൊല്ലശേരില്‍, ജോയിന്റ സെക്രട്ടറി മരീനാ സെബാസ്റ്റ്യന്‍, മീഡിയ വിംഗ് റോമല്‍ ടോമി, റീജന്റ് ബ്രദര്‍ ജെറി പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
പഴയപള്ളിയിൽ ഇന്ന്
രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന - ഫാ. വർഗീസ് പരിന്തിരിക്കൽ, 8.15ന് വിശുദ്ധ കുർബാന - ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്ജെ, 10ന് രോഗികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന - ഫാ. റോയി വടക്കേൽ, 11.30ന് മരിയൻ തീർഥാടനം - മാർ ജോസ് പുളിക്കൽ, 12ന് വിശുദ്ധ കുർബാന - ഫാ. ജയിംസ് ചവറപ്പുഴ, രണ്ടിന് വിശുദ്ധ കുർബാന - ഫാ. ജയിംസ് കൊല്ലംപറന്പിൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, 6.15ന് ജപമാല പ്രദക്ഷിണം, രാത്രി ഏഴിന് വിശുദ്ധ കുർബാന.