മണര്‍കാട് കത്തീഡ്രല്‍ അനുഗ്രഹിക്കപ്പെട്ട ദേവാലയം: വി.ഡി. സതീശന്
1589042
Thursday, September 4, 2025 12:18 AM IST
മണര്‍കാട്: മണര്‍കാട് കത്തീഡ്രല്‍ അനുഗ്രഹിക്കപ്പെട്ട ദേവാലയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ വയോജനങ്ങളെ ആദരിക്കലും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളോടുള്ള കരുതലാണ് വളര്‍ന്നുവരുന്ന തലമുറയുടെ ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകേണ്ടത്. ക്രിസ്തു തന്റെ മാതാവിനോട് കാണിച്ച കരുതല്‍ നമ്മളോടും കാണിക്കുന്നുണ്ടെന്ന തിരിച്ചറവ് നമുക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. ഐസക് മാര്‍ ഒസ്താത്തിയോസ് മുഖ്യപ്രഭാഷണം നടത്തി.
കത്തീഡ്രലിലെ കുട്ടികള്‍ക്ക് പരിചമുട്ടുകളി അഭ്യസിപ്പിച്ച ഇടവകാംഗങ്ങളും പരിചമുട്ടുകളി ആശാന്മാരുമായ എം.സി. മാത്യു, വി.സി. ഏബ്രഹാം, കെ.ഐ. ഏബ്രഹാം, പി.ഐ. ആന്‍ഡ്രൂസ്, വര്‍ഗീസ് കോര എന്നിവരെയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളെ ഉള്‍പ്പെടുത്തി കോഗിനസ് കമ്പനിയെ പ്രതിനിധീകരിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയ നിതിന്‍ ഈപ്പന് ആന്‍ഡ്രൂസ്, സംസ്ഥാന ക്ലാസിക് പവര്‍ ലിഫ്റ്റിംഗില്‍ വെങ്കലം മെഡല്‍ നേടിയ അജോ തോമസ് വര്‍ഗീസ് എന്നിവരെയും തോമസ് മാര്‍ തിമോത്തിയോസ് ഉപഹാരം നല്കി ആദരിച്ചു.
സൺഡേ സ്കൂളുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി വനിതാ സമാജം നല്കുന്ന ആന്‍ഡ്രൂസ് കോര്‍എപ്പിസ്കോപ്പ ചിരവത്തറ മെമ്മോറിയല്‍ അവാര്‍ഡ് ഐസക് മാര്‍ ഒസ്താത്തിയോസ് വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാര്‍ഥികള്‍, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു.
ജെ. മാത്യു മണവത്ത് കോര്‍എപ്പിസ്കോപ്പ, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ഫാ. ലിറ്റു തണ്ടാശേരില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡീക്കന്‍ ഡോ. ജിതിന് കുര്യന് ആന്‍ഡ്രൂസ്, കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാന്, ജോര്‍ജ് സഖറിയ, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.