അച്ഛന്റെ പുടവയും അമ്മയുടെ പായസവും
1589041
Thursday, September 4, 2025 12:18 AM IST
ബാല്യകാല ഓണ ഓർമകൾ പങ്കുവച്ച്് കാഞ്ഞിരപ്പള്ളി എംഎല്‍എയും ഗവ. ചീഫ് വിപ്പുമായ ഡോ. എന്‍. ജയരാജ്
തയാറാക്കിയത്: റെജി ജോസഫ്
കോട്ടയം: എല്ലാ വീട്ടിലും പൊന്നോണം ഒന്നു മാത്രമുള്ളപ്പോള്‍ ഞങ്ങളുടെ തറവാട്ടില്‍ രണ്ട് ഓണമുണ്ടായിരുന്നു. അച്ഛന് ചമ്പക്കര ചെറുമാക്കല്‍ പ്രഫ. കെ. നാരായണക്കുറുപ്പിന്റെ ജന്മനക്ഷത്രം അവിട്ടമായിരുന്നു. അതിനാല്‍ അച്ഛന്റെ അവിട്ടം നാളിനും അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി ഗംഭീര ഓണസദ്യയുണ്ടാകും. ഒട്ടുമിക്ക കാര്‍ഷികവിഭവങ്ങളും വീട്ടില്‍ സുലഭമായിരുന്നതിനാല്‍ കറുകച്ചാലില്‍ ഓണച്ചന്തയ്ക്കു പോകാതെതന്നെ സദ്യയൊരുക്കാന്‍ അടക്കള സമൃദ്ധം.
കുലയും പച്ചക്കറിയും നാളികേരവും മത്തങ്ങയും പാവയ്ക്കയും കോവലും കുമ്പളങ്ങയും അയലത്തും വാല്യക്കാര്‍ക്കും ഉത്രാടദിവസത്തില് അച്ഛന് സമ്മാനിച്ചിരുന്നു. രാഷ്ട്രീയക്കാരനും അധ്യാപകനുമായിരുന്ന അച്ഛന് ഒന്നാം തരം കൃഷിക്കാരനുമായിരുന്നു. മൈതാനം പോലൊരു കോവല്പന്തലിനു കീഴില്‍ നിന്നു കുട്ടനിറയെ കായ പറിക്കുന്ന അച്ഛനും അമ്മയും ഓര്‍മയില്‍നിന്നു മായുന്നില്ല.
ആ പാടങ്ങൾ
ബാല്യത്തില്‍ വീടിനു താഴെ വിശാലമായ പാടങ്ങളായിരുന്നു. നെല്ല് കൊയ്തുമെതിച്ച് അരി സൂക്ഷിക്കാന്‍ രണ്ടു വലിയ പത്താഴങ്ങള് തികയുമായിരുന്നില്ല. അതിനാല്‍ ഒരു അറപ്പുര കൂടി വീടിനു പിന്നില്‍ പണിതു. അറയും നിരയുമുള്ള തറവാടിന്റെ നാലു മുറ്റത്തും പുന്നെല്ലിന്റെ നറുമണമുണ്ടായിരുന്നു. തൊഴുത്തിനോടു ചേര്‍ന്ന് പന്ത്രണ്ടു മാസത്തേക്കും കെട്ടിയൊരുക്കിയ കച്ചിത്തുറുവില് ഓടിക്കയറി ഉരുണ്ടുമറിയുന്നതിന്റെ രസം മറക്കാനാവില്ല. ഉത്രാടനാളില്‍ അച്ഛന്റെ ഉറപ്പുള്ള സമ്മാനമായിരുന്നു ഓണപ്പുടവ. വീട്ടിലെ പണിക്കാര്‍ക്കും ബന്ധുക്കള്ക്കുമുണ്ടാകും പുടവ.
ഓടുമേഞ്ഞ വീട്ടുമുറ്റത്ത് വലിയ കിളിച്ചുണ്ടന്‍ മാവ്. വലിയ ഊഞ്ഞാല് കെട്ടാന്‍ പാകത്തില്‍ അതിലൊരു ശിഖരവും. വീട്ടുകാരും കൂട്ടുകാരും രാവിലെ ആട്ടം തുടങ്ങിയാല്‍ ഇരുളുവോളമുണ്ടാകും വിനോദം. നിറയെ ഫലമുള്ള തെങ്ങുകളാല്‍ സമൃദ്ധമായിരുന്നു പറമ്പും പാടത്തുരുത്തുകളും. വീട്ടില്‍ വരുന്നവര്‍ക്കൊക്കെ കൊടുക്കും നാലു നാളികേരം. നാടന്തേങ്ങ വെട്ടിയുണക്കി ആട്ടിയെടുത്ത വെളിച്ചെണ്ണയിലാണ് നേന്ത്രക്കായ വറുക്കുക.
മറക്കാത്ത രുചി
അമ്മ ലീലാദേവി വറുക്കുന്ന ഉപ്പേരിയുടെയും ശര്‍ക്കരവരട്ടിയുടെയും രുചിക്കു പകരം വയ്ക്കാനൊന്നില്ല.
തൊടിയില്‍ നിറയെ ചെറുമാവിന്‍ കൂട്ടമുണ്ടായിരുന്നതുകൊണ്ടാണ് വീട്ടുപേര് ചെറുമാക്കല്‍ എന്നായത്. ചെറുനാട്ടുമാവുകളില് നിറയെ മാങ്ങയുണ്ടാകും.
അമ്മ ഓണം മുന്നേ കണ്ട് കണ്ണിമാങ്ങ അച്ചാറിട്ടു വയ്ക്കും. ഉത്രാടത്തിനുച്ചയ്ക്കാണ് അച്ചാര്‍ ഭരണി തുറക്കുക. മുറ്റത്തു വരെ മണമെത്തും. വട്ടം കെട്ടിയ മറ്റൊരു ഭരണിയില്‍ കടുകുമാങ്ങയുണ്ടാകും. പഴയ പത്താഴവും ഉപ്പുമാങ്ങാ ഭരണിയും കൈമോശം വരാതെ ഇപ്പോഴും തറവാട്ടിലുണ്ട്.
ഊഞ്ഞാലു കെട്ടിയിരുന്ന കിളിച്ചുണ്ടന്‍ മാവും തണലും നിഴലുമായി നിന്ന നാട്ടുമാവുകളും നാടുനീങ്ങിയതില്‍ വല്ലാത്ത സങ്കടമുണ്ട്.
അത്തം മുതല്‍ രാവിലെ ഇറങ്ങും പൂക്കള്‍ പറിക്കാന്‍. തുമ്പയും ചെത്തിയും കൃഷ്ണകിരീടവും ബന്തിയും ജമന്തിയുമൊക്കെ ചേര്‍ത്തൊരു വലിയ പൂക്കളം വെയിലുദിക്കും മുന്‍പ് മുറ്റത്തു നിറയും. പൂക്കളമിടുന്നതും നോക്കി നാലും കൂട്ടി മുറുക്കിത്തുപ്പി അച്ഛന് തിണ്ണയിലോ ചാരുകസേരയിലോ ഉണ്ടാകും. അച്ഛനു പിന്നില്‍ നിഴലായി അമ്മയും. അച്ഛന്റെ വെറ്റിലക്കൊടിയും മുറുക്കാന്‍ചെല്ലവും പാക്കുപെട്ടിയും തുപ്പല്കോളാമ്പിയുമൊക്കെ ഓണക്കാലത്ത് വൈകാരികത ഉണര്‍ത്തുന്ന ഓര്‍മയാണ്.
തൂശനില വെട്ടാൻ
അടുക്കളയില്‍ പപ്പടം വറുക്കുന്ന മണം വരുമ്പോഴറിയാം സദ്യക്കുള്ള അവസാനത്തെ വിഭവവും പാകമായെന്ന്. പിന്നെ സദ്യ ഉണ്ണാനുള്ള തൂശനില വെട്ടാന്‍ പാടവരമ്പിലേക്ക് ഓട്ടമാണ്. തിളങ്ങുന്ന ഞാലിപ്പൂവന് തൂശനിലകള്‍ തോളില്‍ ചാരിയുള്ള കുട്ടിക്കൂട്ടത്തിന്റെ വരവിന് വരവേല്‍പ്പ് പ്രതീതിയായിരുന്നു.
ഇലക്കെട്ടു വരുമ്പോഴേക്കും അച്ഛന് അത്തത്തിന് വെട്ടിയ പൂവനും ഞാലിപ്പുവനും ചുണ്ടില്ലാനും പത്താഴമുറിയില് പഴുത്തിരിപ്പുണ്ടാകും. ഉച്ചയ്ക്ക് ഒന്നോടെ കോലായില്‍ മുപ്പതില്‍ കുറയാതെ തൂശനില നിരക്കും. കുട്ടിപ്പടയും കൂട്ടുകാരും അച്ഛനമ്മാവന്മാരും നിലത്തെ പായയില്‍ ഇരുന്നാലുടന്‍ ഇടതുവശം ചേര്‍ത്തിട്ട ഇലയില്‍ വിഭവങ്ങള്‍ നിറഞ്ഞുവരും. മായം കലര്‍ന്ന സാധനങ്ങളൊന്നുംതന്നെ ഓണസദ്യയെ കളങ്കപ്പെടുത്തിയിരുന്നില്ലെന്നു പറയാതെ വയ്യ.
പത്തിരുപതു കൂട്ടം
പുന്നെല്ലരിയുടെ ചോറിനുണ്ടായിരുന്നു നല്ലൊരു മണം. നടുവില്‍ നെയ്യൊഴിച്ച് പപ്പടം പൊടിച്ചിട്ട് പരിപ്പുകറി ഒഴിച്ചു കഴിച്ചുതുടങ്ങിയാല്‍ മൂന്നു വട്ടമെങ്കിലും ചോറിടും. സാമ്പാറും കാളനും അവസാനം പച്ചമോരും. ഓണസമൃദ്ധിയുടെ അടയാളമായി അവിയല്‍, തോരന്‍, അച്ചാര്‍, കിച്ചടി, പച്ചടി, ഇഞ്ചിക്കറി, മധുരക്കറി, അച്ചാര്‍ എന്നിങ്ങനെ പത്തിരുപതു കൂട്ടം. ഇടയ്ക്കിടെ കൊറിക്കാന്‍ ഇലയിലും മടിയിലും ശര്‍ക്കരവരട്ടിയും ഉപ്പേരിയുമുണ്ടാകും. പഴം തിന്നുകഴിയേണ്ടതേയുള്ളൂ ഇലനടുവിലേക്ക് അടപ്രഥമന്‍ ഒഴുകുകയായി. അതുകഴിഞ്ഞാല്‍ പാല്‍പ്പായസം.
ഓണസദ്യക്കുശേഷം വിശ്രമം എന്നതൊന്നില്ല. അയല്‍ വീട്ടില്‍ തുമ്പിതുള്ളലുണ്ടാകും. ചെണ്ടയടിയുടെ ശബ്ദം കടുവാകളിക്കാര്‍ വരുന്നതിന്റെ അറിയിപ്പാണ്. കടുവയെ തപ്പി ഒറ്റ ഓട്ടമാണ്. കടുവയും വേടന്മാരും ചേര്‍ന്നുള്ള ആ കളിഫലിതങ്ങളുടെ കമ്പം ഇക്കാലത്തെ കുഞ്ഞുങ്ങള്‍ കാണാതെപോയതില്‍ സങ്കടമുണ്ട്. അച്ഛന് തന്ന ഓണപ്പുടവയുടെ മണവും അമ്മ വിളമ്പിയ പായസത്തിന്റെ രുചിയും എങ്ങനെ മറക്കാനാകും.