കന്യകമറിയം സ്വയം സമർപ്പിച്ചവൾ: പൗലോസ് മാർ ഐറേനിയോസ്
1589251
Thursday, September 4, 2025 7:15 AM IST
മണര്‍കാട്: ലോകത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ദൈവത്തിനായും സ്വര്ഗത്തിനായും സ്വയം സമര്‍പ്പിച്ചവളായിരുന്നു പരിശുദ്ധ കന്യകമറിയാമെന്ന് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത. സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽഎട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിനമായ ഇന്നലെ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കുശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവവചനം അവളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കന്യകമറിയാം ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ വ്യക്തിത്വമായി രൂപാന്തരപ്പെട്ടു. കന്യകമറിയത്തിന്റെ ജനനപ്പെരുന്നാള്‍ ആചരിക്കുമ്പോള്‍ കന്യകമറിയത്തെ അനുകരിക്കാന്‍ നാം കടപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനം ഇന്ന്
എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകുന്നേരം ആറിന് നടക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. കോര്‍എപ്പിസ്കോപ്പ സ്ഥാനം ലഭിച്ച കത്തീഡ്രല്‍ സഹവികാരി ജെ. മാത്യു മണവത്തിനെ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് ആദരിക്കും.
സെന്റ് മേരീസ് ആശുപത്രിയിലെ ജെറിയാട്രിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപിയും ഡയാലിസിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും സെന്റ് മേരീസ് സണ്‍ഡേ സ്കൂളുകളുടെ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എയും നിര്‍വഹിക്കും.
ജെ. മാത്യു കോര്‍ എപ്പിസ്കോപ്പ മണവത്ത്, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന്, ഫാ. ലിറ്റു തണ്ടണ്ടാശേരില്, കത്തീഡ്രല്‍ ട്രസ്റ്റി ബെന്നി ടി. ചെറിയാന് എന്നിവര്‍ പ്രസംഗിക്കും.
മണര്‍കാട് പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാന. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാന. ഐസക് മാര്‍ ഒസ്താത്തിയോസ്. രാവിലെ 11ന് പ്രസംഗം ഐസക് മാര്‍ ഒസ്താത്തിയോസ്.
ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാര്‍ഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം - ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന.ആറിന് - പൊതുസമ്മേളനം.