മണര്‍കാട് കത്തീഡ്രലില്‍ റാസ നാളെ; നടതുറക്കല്‍ മറ്റന്നാള്‍
1589277
Thursday, September 4, 2025 11:40 PM IST
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ നാളെ നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണര്‍കാട് കത്തീഡ്രലിലെ റാസയില്‍ പതിനായിരക്കണക്കിനു മുത്തുക്കുടകളും നൂറുകണക്കിനു പൊന്‍-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസിസഹസ്രങ്ങള്‍ അണിചേരും.
ഉച്ചനമസ്കാരത്തെ തുടര്‍ന്ന് മുത്തുക്കുടകള്‍ വിതരണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികര്‍ പ്രാര്‍ഥനകള്‍ക്കുശേഷം പള്ളിയില്‍നിന്ന് ഇറങ്ങി കല്‍ക്കുരിശിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം റാസയില്‍ അണിചേരും. കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണു തിരികെ വലിയപള്ളിയിലെത്തുക.
ഏഴിന് രാവിലെ 11.30ന് മധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാര്‍മിത്വത്തില്‍ നടതുറക്കല്‍ ശുശ്രൂഷ നടക്കും. കത്തീഡ്രലിന്റെ പ്രധാന മദ്ബഹയിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണു നടതുറക്കല്‍ ശുശ്രൂഷ.
തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകുന്നേരം 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാര്‍ഗംകളി. രാത്രി 12ന് കറിനേര്‍ച്ച വിതരണം.