വചനാധിഷ്ഠിത ആത്മീയത കാലഘട്ടത്തിന്റെ ആവശ്യം: റവ. ഡോ. ജോസ് കാക്കല്ലിൽ
1589271
Thursday, September 4, 2025 11:40 PM IST
കുറവിലങ്ങാട്: വചനാധിഷ്ഠിത ആത്മീയത കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഡോ. ജോസ് കാക്കല്ലിൽ പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണത്തിന്റെ നാലാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു റവ. ഡോ. ജോസ് കാക്കല്ലിൽ.
ദൈവമാതാവിനെപ്പോലെ വചനത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ കഴിയണം. ഇത് പുതിയ ആത്മീയതയിലേക്കുള്ള ജനനം സമ്മാനിക്കും. വെല്ലുവിളികളെ വചനത്തിന്റെ വെളിച്ചത്തിൽ നോക്കിക്കണ്ട ദൈവമാതാവിനെ അനുകരിക്കണം. ഭൗതികസുഖങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിലിലാണ് ലോകം. തിരക്കിന്റെ ലോകമാണ് കാണുന്നത്. മാറിമറിയുന്ന അഭിപ്രായപ്രകടനങ്ങൾ വർധിച്ചുവരുമ്പോൾ നോമ്പാചരണം കൂടുതൽ ആത്മീയത സമ്മാനിക്കുമെന്നും റവ. ഡോ. ജോസ് കാക്കല്ലിൽ പറഞ്ഞു.
ഇന്ന് അഞ്ചിന് വടവാതൂർ പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.