മരിയഭക്തിയിലൂടെ ജീവിതം വിശുദ്ധമാക്കണം: റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ
1589003
Wednesday, September 3, 2025 11:01 PM IST
കുറവിലങ്ങാട്: മരിയഭക്തിയിലൂടെ ജീവിതം വിശുദ്ധമാക്കണമെന്ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പറഞ്ഞു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പ റന്പിൽ.
ദൈവമാതാവ് കൃപയുടെ നിറവാണ്. ജീവിതത്തെ ചിട്ടയായി ക്രമപ്പെടുത്താനും ക്രൈസ്തവധാരയിൽ മുന്നേറാനും മാതൃഭക്തി സഹായിക്കും. ഉറപ്പുള്ള ജീവിതത്തെ നേടാൻ ദൈവമാതാവിൽ ആശ്രയിക്കണമെന്നും റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പറഞ്ഞു. ഫാ. ജോസഫ് അമ്പാട്ട് സഹകാർമികനായി.
ഒരുമയുടെ നിറവുമായി
അവർ അമ്മയ്ക്കരികിൽ
കുറവിലങ്ങാട്: എട്ടുനോമ്പാചരണത്തിലെ സംഘടനാദിനത്തിൽ ഇടവക സംഘശക്തിയറിയിച്ച് മുന്നേറ്റം നടത്തി. മുഴുവൻ അത്മായ, ഭക്തസംഘടനകളും നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ സംഗമിച്ച് മുത്തിയമ്മയ്ക്കരികിലേക്ക് റാലിയായി എത്തി. ഓരോ സംഘടനയും അതത് സംഘടനകളുടെ പതാകയ്ക്കു കീഴിൽ അണിചേർന്ന് സംഘാടക മികവും വ്യക്തമാക്കി.
റാലിക്കു മുന്നോടിയായി അസി. വികാരി ഫാ. തോമസ് താന്നിമലയിൽ പ്രാർഥന നടത്തി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ എന്നിവർ പള്ളിയിൽ നടന്ന പ്രാർഥനകൾക്കു നേതൃത്വം നൽകി. ഓരോ സംഘടനയും തങ്ങളുടെ കൊടികൾ മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിച്ച് ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടി.
കുറവിലങ്ങാട് പള്ളിയിൽ
ഇന്ന്
വിശുദ്ധ കുർബാന- 5.30, 6.30, 7.30. കാളികാവ് ഇടവകയുടെ തീർഥാടനം- 10.30ന്. വിശുദ്ധ കുർബാന- ഫാ. ജോസഫ് പാണ്ടിയാമാക്കൽ- 11.00. വാഹനവെഞ്ചരിപ്പ് - 3.30. റംശാ നമസ്കാരം- 4.30. വിശുദ്ധ കുർബാന- റവ.ഡോ. ജോസ് കാക്കല്ലിൽ - 5.00. ജപമാല പ്രദക്ഷിണം- 6.30.
വാഹനവെഞ്ചരിപ്പ് ഇന്ന്
കുറവിലങ്ങാട്: വാഹന വെഞ്ചരിപ്പ് ദിനമായ ഇന്ന് മുത്തിയമ്മയ്ക്കരികിലേക്ക് ഇന്ന് വാഹനങ്ങളൊന്നാകെയെത്തും. മുത്തിയമ്മയുടെ സന്നിധിയിലെത്തിച്ച് പ്രാർഥിച്ച് മുത്തിയമ്മയുടെ തിരുപ്പടം പതിക്കുന്ന വാഹനങ്ങളെല്ലാം സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന വിശ്വാസമാണ് പരക്കെയുള്ളത്.
ജപമാലപ്രദക്ഷിണത്തിൽ ഇന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിക്കുന്നത് ഇടവക പ്രദേശത്തെ ഡ്രൈവർമാരുടെ കൂട്ടായ്മയാണ്. ഇതാദ്യമായാണ് സാരഥികൾ മുത്തിയമ്മയെ ഒരുമിച്ച് തോളിലേറ്റുന്നത്.