പാലം പുതുക്കി നിര്‍മിക്കാന്‍ അനുമതി
1589499
Friday, September 5, 2025 6:56 AM IST
കടുത്തുരുത്തി: ആയാംകുടി-എഴുമാന്തുരുത്ത് റോഡില്‍ മലപ്പുറം പള്ളിക്കും എഴുമാന്തുരുത്ത് ജംഗ്ഷനും ഇടയില്‍ തോടിനു കുറുകേയുള്ള ഇടുങ്ങിയ പാലം പുതുക്കി നിര്‍മിക്കാന്‍ അനുമതിയായി. മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ്-ആയാംകുടി എഴുമാന്തുരുത്ത്-വടയാര്‍-വെള്ളൂര്‍-മുളക്കുളം റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് 95 കോടി രൂപയുടെ പുതുക്കിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
റോഡ് നിര്‍മാണ പദ്ധതിക്കൊപ്പമാണ് മാളിയേക്കല്‍ പാലം നിര്‍മാണവും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
റോഡ് നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനി പ്രവൃത്തി ഉപേക്ഷിച്ചതു മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയായിരുന്നു. മാത്താംകരിയില്നിന്ന് എഴുമാന്തുരുത്തിലേക്കെത്തുന്ന തോടിനു കുറുകെയുള്ള മാളിയേക്കല്‍ പാലം പുനര്‍നിര്‍മിക്കുന്നതോടെ നീരൊഴുക്ക് വര്‍ധിക്കും.
എഴുമാംകായലിലൂടെയും കരിയാറിലൂടെയും അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലൂടെ ഉയര്‍ന്നുവരുന്ന വെള്ളം സുഗമമായി ഒഴുകിപോകുന്നതിനൊപ്പം പോളയും പായലും ഇല്ലാതാകാനും സഹായകരമാകും. ടൂറിസത്തിനും കാര്‍ഷിക മേഖലയ്ക്കും ഗുണകരമാകുമെന്നും നാട്ടുകാര്‍ പറയുന്നു.