സ്റ്റാമ്പുകൾകൊണ്ട് പൂക്കളം ഒരുക്കി ഫാ. വിൽസൺ പുതുശേരി
1589010
Wednesday, September 3, 2025 11:01 PM IST
കാഞ്ഞിരപ്പള്ളി: ഈ ഓണക്കാലത്തെ വേറിട്ട കാഴ്ചകളിലൊന്നായി മാറുകയാണ് സ്റ്റാമ്പുകൾ കൊണ്ട് തീർത്ത പൂക്കളത്തിന്റെ മാതൃക. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ ഫാ. വിൽസൺ പുതുശേരിയാണ് സ്റ്റാമ്പുകൾ കൊണ്ടുള്ള പൂക്കളത്തിന്റെ മാതൃകയുടെ പിന്നിൽ. പൂക്കൾ ആലേഖനം ചെയ്ത ആയിരത്തിലേറെ സ്റ്റാമ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
അന്‍പതിലധികം രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ സ്റ്റാമ്പുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു സ്റ്റാമ്പു പോലും ആവർത്തിച്ചിട്ടില്ല. റോസ്, ലില്ലി, താമര, കണിക്കൊന്ന തുടങ്ങിയവയുടെ പുഷ്പങ്ങൾ മുതൽ വിദേശ രാജ്യങ്ങളിലെ വിവിധ ചെടികളുടെ പുഷ്പങ്ങളും ആലേഖനം ചെയ്തിരിക്കുന്ന സ്റ്റാമ്പുകൾ പൂക്കളത്തിന്റെ മാതൃക തീർക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
1950 കളിലെ അടക്കം സ്റ്റാമ്പുകൾ ഇക്കൂട്ടത്തിലുണ്ട്. ഒറ്റ രാത്രി കൊണ്ടാണ് സ്റ്റാമ്പുകൾ കൊണ്ട് ഫാ. വിൽസൺ പൂക്കളത്തിന്റെ മാതൃക തീർത്തത്. കോട്ടയം ജില്ലയിലെ ഫിലാറ്റ്ലി അസോസിയേഷനിലെ ലൈഫ് ലോംഗ് മെംബർ കൂടിയാണ് ഫിലാറ്റ്ലിസ്റ്റ് കൂടിയായ ഫാ. വിൽസൺ പുതുശേശി.