നല്ലോണം ഉണ്ണാൻ സദ്യ പാഴ്സൽ വേണം
1589044
Thursday, September 4, 2025 12:18 AM IST
കോട്ടയം: ഓണത്തിനു പ്രിയമേറി ഹോട്ടല്‍, കേറ്ററിംഗ് സദ്യ, ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ സമയമെടുത്ത് സദ്യയുണ്ടാക്കാനുള്ള കഷ്ടപ്പാട് ഒഴിവാക്കാന്‍ ഹോട്ടലുകളില്‍നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളില്‍നിന്നും ഓണസദ്യ പാഴ്സല്‍ വരുത്തി കഴിക്കുകയാണ് പുതിയ ട്രെന്‍ഡ്.
ഹോട്ടലുകളില്‍ നേരിട്ടെത്തി സദ്യ കഴിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു. ഇത്തവണ ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും പുതിയ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു പായസവും ബോളിയുമുള്പ്പെടെ അഞ്ചു പേരുടെ സദ്യ പാക്കേജിന് 1,500 മുതല്‍ 2,500 രൂപ വരെയാണ് ചാര്‍ജ്. 22 ഇനങ്ങളുടെ മിനി സദയ്ക്ക് 200 രൂപ മുതല്‍ 340 രൂപ വരെയും 28 ഇനങ്ങളുള്ള സദ്യക്ക് 349 രൂപ മുതല്‍ 449 രൂപയുമാണ് ചാര്‍ജ്. സ്റ്റാര്‍ ഹോട്ടലുകളിലും കുമരകത്തെ റിസോര്‍ട്ടുകളിലും ഓണസദ്യക്കു പുറമേ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ മത്സരങ്ങളും ഓണക്കളികളും ഉള്‍പ്പെടുത്തിയാണ് പാക്കേജ്.
പഴയിടം രുചിപ്പെരുമ
പ്രമുഖ പാചക, ഹോട്ടല്‍ ഗ്രൂപ്പായ പഴയിടം രുചി ഇത്തവണ വിപുലമായ രീതിയിലാണ് ഓണസദ്യ കഴിഞ്ഞ ഒരാഴ്ചയായി കുറിച്ചിത്താനത്തുള്ള പഴയിടം കിച്ചണിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഴയിടം രുചി ഹോട്ടലുകളിലും സദ്യയുടെ തിരക്കാണ്. ഗുരുവായൂര്‍, തിരുവനന്തപുരം ഹോട്ടലുകളില്‍ ദിവസവും മൂവായിരം മുതല്‍ രണ്ടായിരം മുതല്‍ മൂവായിരം പേര്‍ക്കു വരെയാണ് സദ്യ. ഇരുപതിനായിരം ലിറ്റര്‍ പായസമാണ് ഒരാഴ്ചയായി പഴയിടം കിച്ചണില്‍ തയാറാക്കിയിരുന്നത്. ഇന്നും നാളെയും അളവുകൂടും. ഇത്തവണ ഓണത്തിനു ബംഗളൂരു, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലുള്ള മലയാളികള്‍ക്ക് നാടന്‍ ഓണസദ്യ ലഭ്യമാക്കാനുള്ള സൗകര്യവും പഴയിടം രുചി ഒരുക്കിയിട്ടുണ്ട്.
പാചകവിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി ലണ്ടനിലെ ഓണാഘോഷങ്ങള്‍ക്ക് ഓണസദ്യ ഒരുക്കിയതിനു ശേഷം ഇന്നു പുലര്‍ച്ചെ കുറിച്ചിത്താനത്തെ വീട്ടിലെത്തും. തുടര്‍ന്ന് മകന് യദുവിനൊപ്പം നാട്ടിലുള്ളവര്‍ക്ക് ഓണസദ്യ ഒരുക്കും. ലണ്ടനിലെ മുപ്പതോളം മലയാളി അസോസിയേഷനുകളുടെ ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷങ്ങള്ക്കായിട്ടാണ് പഴയിടം മോഹനന് നമ്പൂതിരി ലണ്ടനിലേക്കു പോയത്. ഇനി ഓണം കഴിഞ്ഞ് ഗള്‍ഫ് ഉള്‍പ്പെടെയുള്ള നാടുകളില്‍ ഓണസദ്യ ഒരുക്കുന്നതിനായിട്ട് വീണ്ടും യാത്രതിരിക്കും.