കിടങ്ങൂര്‍ പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നു
1589006
Wednesday, September 3, 2025 11:01 PM IST
കിടങ്ങൂര്‍: പഞ്ചായത്ത് മാലിന്യമുക്തമാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്. കിടങ്ങൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പഞ്ചായത്തിന്റെ വിവിധ വാര്ഡ്കളെ കേന്ദ്രീകരിച്ച് കിടങ്ങൂര്‍ ഡിവിഷന് മെംബര്‍ ഡോ. മേഴ്സി ജോണിന്റെ 2024-25 വര്‍ഷത്തെ പദ്ധതിവിഹിതമായ 5.3 ലക്ഷം രൂപകൊണ്ട് വാര്‍ഡുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കിയതിനു ശേഷം സിസിടിവി സ്ഥാപിച്ചു. ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനിലും പാലത്തിനു സമീപവും കക്കൂസ് മാലിന്യം സ്ഥിരമായി തള്ളുന്ന മുത്തോലത്തു ഹാളിന്റെ സമീപവും കട്ടച്ചിറ ചെക്ക് ഡാമിന്റെ അടുത്തും കാമറകള്‍ സ്ഥാപിച്ചു.
പഞ്ചായത്തിനുള്ളില്‍ സ്ഥാപിച്ച പുതിയ ടിവി സ്ക്രീന്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തും. 2025-26 വര്‍ഷത്തെ 5.2 ലക്ഷം ഫണ്ട് ഉപയോഗിച്ച് നാലാം വാര്‍ഡില്‍ ഗോള്‍ഡന്‍ ക്ലബിനു സമീപം പഴയ ഉപയോഗ ശൂന്യമായ കുളിക്കടവ് പുനര്‍നിര്‍മിച്ചു സമപപ്രദേശങ്ങള് മാലിന്യ രഹിതമാക്കി സ്ഥലവാസികള്‍ക്കു പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ സജ്ജീകരണം ഒരുക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം മലിനമായിരുന്ന വഴിയോരം പൂന്തോട്ടം നിര്‍മിച്ചു മനോഹരമാക്കി. ചേര്‍പ്പുങ്കല്‍ റെസിഡൻഷല്‍ അസോസിയേഷന് അംഗങ്ങളുടെ പൂര്‍ണ സഹകരണം പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിച്ചു
പൂര്‍ത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ബിനു, ബ്ലോക്ക് മെംബര്‍ അശോകന് പൂതമന, പഞ്ചായത്ത് മെംബര്‍ മിനി ജെറോം തുടങ്ങിയവർ പ്രസംഗിക്കും.