എംജി യൂണിവേഴ്സിറ്റിക്ക് 47.81 കോടി
1589250
Thursday, September 4, 2025 7:15 AM IST
സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയത്തിനും സ്പോർട്സ് കോംപ്ലക്സിനുമായാണ് തുക അനുവദിച്ചത്
കോട്ടയം: സൂസന് മേബിള്‍ തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സും എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 47.81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വി.എന്‍. വാസവന് അറിയിച്ചു. നേരത്തേ 38.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുക ഇന്നലെ ചേര്‍ന്ന മന്ത്രി സഭായോഗം വര്‍ധിപ്പിക്കുകയായിരുന്നു.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷനെ എസ്പിവി ആയി ഉള്‍പ്പെടുത്തി, കിഫ്ബി ഫണ്ട് ഉപയോഗിച്ച് കായിക യുവജനകാര്യ ഡയറക്ടര്‍ നിര്‍ദേശിച്ച ഭേദഗതികളോടെ നിര്‍മാണത്തിനു പുറപ്പെടുവിച്ചിരുന്ന ഭരണാനുമതി ഉത്തരവ് 47,8108,000 രൂപയായാണ് ഉയര്‍ത്തിയത്.
എംജി യൂണിവേഴ്സിറ്റിയില്‍ പദ്ധതി നിര്‍മാണം ആരംഭിക്കുന്നതിനും അനുമതിയായി. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ വരുമ്പോള്‍ വലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് യൂണിവേഴ്സിറ്റിക്കും ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.