ബസ് സ്റ്റാന്‍ഡ് കൈയടക്കി തെരുവുനായ്ക്കള്‍
1589004
Wednesday, September 3, 2025 11:01 PM IST
പാലാ: ബസ് സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് രക്ഷയില്ല. തലങ്ങും വിലങ്ങും പായുകയാണ് തെരുവുനായ്ക്കള്‍. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാര്‍ വന്നുപേകുന്ന ബസ് സ്റ്റാൻഡില്‍ യാത്രക്കാരുടെയും വ്യാപാരികളുടെയും ജിവനു ഭീഷണിയായാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്.
സമീപത്തെ കെട്ടിടത്തിലെ കടകളിലേക്കു വരുന്നവരെയും ആക്രമിക്കാന്‍ തുനിയുന്നത് നിത്യസംഭവമാണ്.
രാവിലെയും വൈകുന്നേരവുമാണ് നായ്ക്കളെ കൂടുതൽ ആക്രമണകാരികളായി കാണുന്നത്. ഇടസമയങ്ങളില്‍ കാണുന്നില്ലെന്നും കട ഉടമസ്ഥര്‍ പറയുന്നു.
പലപ്പോഴും കുരച്ചുകൊണ്ട് യാത്രക്കാരുടെ പുറകേ ചാടും. ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകേ ഓടും. പലരും കടിയില്നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്. ബസ് കാത്തുനില്ക്കുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ ഭീതിയിലാണ്.
വ്യാപാര സ്ഥാപാനങ്ങളിലേക്കു കടന്നുചെല്ലാന്‍ പോലും ആളുകള്‍ ഭയക്കുന്നതു കൊണ്ട് ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രങ്ങളില്‍ തെരുവുനായ്ക്കള്‍ കയറിക്കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
പരസ്പരം കടിപിടികൂടുന്നതും കാല്‍നടക്കാര്‍ക്കു നേരേ കുരച്ചുചാടുന്നതും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നുണ്ട്.
ബസ് സ്റ്റാൻഡിനു സമീപത്തായി മാലിന്യം കുട്ടിയിട്ടിരിക്കുന്നതും തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണമായി സമീപ വ്യാപാരികള്‍ പറയുന്നു. തെരുവുനായക്കള്‍ ജനങ്ങള്‍ക്ക്
ദുരിതമാകുമ്പോഴും നിയമത്തിന്റെ നൂലാമാലകള്‍ അധികൃതരെ നടപടിയെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയാണ്.
അധികൃതരെ പരാതി അറിയിച്ചിട്ടുണ്ടെന്നും നടപടി ഉടന്‍ സ്വീകരിക്കണമെന്നും ബസ് സ്റ്റാൻഡിലെ വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെട്ടുന്നു.