വെള്ളികുളത്തേക്കു വരൂ, വള്ളത്തിലിരുന്ന് മീൻപിടിക്കാം
1589273
Thursday, September 4, 2025 11:40 PM IST
മലയോരത്തെ വഞ്ചിയാത്ര
കൗതുകമാകുന്നു
വെള്ളികുളം: വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയപ്പോൾ മലയോര ജനതയ്ക്ക് കൗതുകവും പുതുമയും. സ്വപ്നത്തിൽ പോലും വള്ളമെത്തുമെന്നു വിചാരിക്കാത്ത ഒരു നാട്ടിൽ പള്ളിയോടു ചേർന്നുള്ള കുളത്തിൽ വള്ളം ഇറക്കിയത് നാടിന് വലിയ ആഹ്ലാദമായി. പള്ളിക്കുളത്തിലെ വള്ളം കാണാനും വള്ളത്തിൽ കയറാനും നിരവധി പേർ ആദ്യ ദിവസം തന്നെയെത്തി.
കുട്ടികൾക്ക് ആവേശം
വള്ളവും വള്ളത്തിലുള്ള യാത്രയും പലപ്പോഴും ചിത്രങ്ങളിലും വീഡിയോകളിലും കണ്ടിട്ടുള്ളവർക്ക് മലനാട്ടിലും കണ്ടപ്പോൾ ആവേശം. വള്ളം കണ്ടിട്ടില്ലാത്ത കുട്ടികൾക്കായിരുന്നു ഏറ്റവും സന്തോഷം. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം വള്ളം വെഞ്ചിരിച്ച് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ നീറ്റിലിറക്കി. ലൈഫ് ജാക്കറ്റ് ധരിച്ച് വള്ളത്തിൽ കയറിയുള്ള വികാരിയച്ചന്റെ കന്നിയാത്ര കരയ്ക്കു നിന്നവർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. വള്ളത്തിലിരിക്കുന്പോൾ അല്പം ആശങ്കയും പേടിയുമുണ്ടായിരുന്നെന്ന അച്ചന്റെ കമന്റ് ചിരി പടർത്തി.
പള്ളിയോടു ചേർന്നുള്ള കുളത്തിൽ ഇക്കഴിഞ്ഞ നാലു വർഷങ്ങളായി മീൻ വളർത്തലുണ്ട്. നല്ല വിസ്തൃതിയുള്ള കുളത്തിൽ എന്തുകൊണ്ട് വള്ളം ഇറക്കിക്കൂടാ എന്ന് അച്ചനു തോന്നിയ ആശയമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
ടൂറിസം പദ്ധതികൾ
ആറു മാസം മുമ്പാണ് വെള്ളികുളം പള്ളിയിൽ അച്ചൻ വികാരിയായി ചുമതലയേറ്റത്. വാഗമൺ ടൂറിസവുമായി ബന്ധപ്പെടുത്തി നവീന ആശയങ്ങൾ പ്രദേശത്തു നടപ്പാക്കാനാണ് തീരുമാനം. കുട്ടവഞ്ചിയും പെഡൽ ബോട്ട് സൗകര്യവും ഏർപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിക്കാനും പദ്ധതിയുണ്ട്.
വള്ളത്തിലിരുന്നു ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. കുളത്തിൽ ഇപ്പോൾ മൂവായിരത്തിലധികം ഗിഫ്റ്റി, തിലോപ്പിയ മത്സ്യങ്ങളുണ്ട്. ആറു മാസം കൂടുമ്പോൾ വിളവെടുപ്പ് നടത്തും. വള്ളയാത്രയ്ക്ക് 50 രൂപ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒാണാഘോഷത്തിന്റെ ഭാഗമായി വള്ളയാത്ര സൗകര്യമുണ്ട്. ഫോൺ: 9446121275, 8606820593.