ബന്ദിപ്പൂത്തോട്ടമായി സ്കൂൾ പരിസരം
1589011
Wednesday, September 3, 2025 11:01 PM IST
മുണ്ടക്കയം: 35ാംമൈൽ കള്ളിവയലിൽ പബ്ലിക് സ്കൂൾ വളപ്പിലാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ബന്ദിപ്പൂ കൃഷി നടത്തിയത്. ഓണത്തിന് മറുനാടൻ പൂക്കളെ ആശ്രയിക്കുന്ന മലയാളിയുടെ സംസ്കാരത്തിന് മാറ്റംവരുത്തി നാടൻ പൂക്കൾ വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു കൃഷി ആരംഭിച്ചത്.
ദേശീയപാതയോരത്ത് സ്കൂൾ വളപ്പിൽ ഒരേക്കർ സ്ഥലത്താണ് മൂവായിരത്തോളം ബന്ദിച്ചെടികൾ അധ്യാപകരും വിദ്യാർഥികളും ചേർന്നു നട്ടുപരിപാലിച്ചത്. കൂട്ടിക്കൽ കൃഷിഭവന്റെ സഹകരണത്തോടുകൂടിയായിരുന്നു ബന്ദിപ്പൂകൃഷി ആരംഭിച്ചത്.
രണ്ടു നിറത്തിലുള്ള ബന്ദിത്തൈകൾ കൂട്ടിക്കൽ കൃഷിഭവനിൽനിന്നു വില കൊടുത്ത വാങ്ങി. 45 ദിവസത്തെ പരിപാലനത്തിനു ശേഷം ഓണത്തിന് രണ്ടുനാൾ ബാക്കിനിൽക്ക് വിളവെടുപ്പ് നടത്തി. കള്ളിവയലിൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് പുളിക്കൽ, ബർസർ ഫാ. ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്. കൃഷിയുടെ വിളവെടുപ്പ് സ്കൂൾ അധികൃതർ ആഘോഷമാക്കി. ബന്ദിച്ചെടികളിൽനിന്നു മികച്ച വിളവാണ് ഇവർക്കു ലഭിച്ചത്.