ഓണം മൂഡിൽ കാഞ്ഞിരപ്പള്ളി; അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍
1589008
Wednesday, September 3, 2025 11:01 PM IST
കാഞ്ഞിരപ്പള്ളി: ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണ നാളിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓണത്തപ്പനെ വരവേല്ക്കുവാനുള്ള തിരക്കിലാണ് കാഞ്ഞിരപ്പള്ളി ടൗൺ. കഴിഞ്ഞ രണ്ടു ദിവസമായി ടൗണിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കും. ഓണക്കോടികള്‍ വാങ്ങുന്നതിന് വസ്ത്രവ്യാപാരശാലകളില്‍ വന്‍ തിരക്കാണ്.
സദ്യ വട്ടങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന തിരക്കും അനുഭവപ്പെടുന്നുണ്ട്.
ടൗണിലെ വലുതും ചെറുതുമായ എല്ലാ പച്ചക്കറി കടകളും സജീവമായിക്കഴിഞ്ഞു. ഓണസദ്യക്ക് ആവശ്യമായ പച്ചക്കറികളെല്ലാം തന്നെ കടകളിൽ എത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ ചന്തകളും പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ഓണവിപണികളും ടൗണിൽ സജീവമായിരിക്കുകയാണ്. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണാഘോഷങ്ങള്‍ക്കു രുചി പകരാന്‍ രംഗത്തുണ്ട്. ഓണ സദ്യയുടെയും പായസത്തിന്റെയും ബുക്കിംഗ് തകൃതിയാണ്. വിവിധയിടങ്ങളില്‍ വഴിയോരങ്ങള്‍ കേന്ദ്രീകരിച്ചും പായസ മേളകള്‍ ഒരുക്കിയിട്ടുണ്ട്.
സാംസ്കാരിക സംഘടനകളും ക്ലബുകളും വിവിധ റസിഡന്റസ് അസോസിയേഷനുകളും ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണക്കോടിയെടുക്കാനും ഓണസദ്യ വട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാനും കൂടുതല്‍ പേര് ഇന്ന് വ്യാപാര സ്ഥാപനങ്ങളിലെത്തും. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാവും ഇന്ന് നാട്.