ഇന്ന് പൊന്നോണം; പൂക്കളമിടാം അണിഞ്ഞൊരുങ്ങാം സദ്യയുണ്ണാം
1589275
Thursday, September 4, 2025 11:40 PM IST
കോട്ടയം: ഇന്ന് ഏവര്‍ക്കും പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം. ഓണപ്പുടവയിട്ടും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ച് പൊന്നോണത്തെ വരവേല്‍ക്കും. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ പൊന്നോണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതുകൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്റെ കേരളത്തനിമ ഒന്നു വേറെയാണ്.
നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിവേണം മനോഹരമായ പൂക്കളമൊരുക്കാന്. കുളിച്ചൊരുങ്ങി കസവ് നെയ്ത മുണ്ടും സാരിയും അണിയുമ്പോഴാണ് ഓണപ്രഭയുടെ പ്രതീതിയുണ്ടാകുക.
അടുക്കളവട്ടത്തില്‍ ചിരിവര്ത്തമാനങ്ങളുമായിരുന്നാണ് അരിഞ്ഞും അരച്ചും പെറുക്കിയും ഓണസദ്യ ഒരുക്കുക. പ്രായഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും പപ്പടവും പായസവും തിരുവോണത്തിന്റെ കേരളരുചിയാണ്.
സപ്ലൈകോയ്ക്കും കുടുംബശ്രീക്കും നേട്ടം
കോട്ടയം: സപ്ലൈകോ ഓണം ഫെയറില്‍ വന്വില്പന. തിരുനക്കര ജില്ലാതല ഫെയറില്‍ കഴിഞ്ഞ മാസം 26 മുതല്‍ ഇന്നലെ വരെ 25 ലക്ഷം രൂപയുടെ വ്യാപാരം നടന്നു. ഗിഫ്റ്റ് വൗച്ചറുകള്‍ക്കും സ്പെഷല്‍ കിറ്റുകള്‍ക്കും ആവശ്യക്കാരേറെയായിരുന്നു. കുടുംബശ്രീ ആദ്യമായി ആവിഷ്കരിച്ച ഓണസദ്യക്ക് ജില്ലാതലത്തില്‍ മൂവായിരം ഓര്‍ഡറുകള്‍ ലഭിച്ചു. ഇന്നലെ വൈകുന്നേരം ബുക്കിംഗ് സമാപിച്ചു. കുടുംബശ്രീയുടെ അടുക്കളക്കിറ്റിനും ആവശ്യക്കാരേറെയുണ്ടായിരുന്നു. അയ്യായിരം കിറ്റുകളാണ് വിതരണം ചെയ്തത്. പെരുന്നയിലെ ഓണം ഫെയറിലും വന്‍തിരക്കുണ്ടായി.