ഉത്രാടക്കിഴി കൈമാറി
1589278
Thursday, September 4, 2025 11:40 PM IST
കോട്ടയം: ഉത്രാടദിനത്തില്‍ കോട്ടയം വയസ്കര രാജ്ഭവന് കോവിലകത്ത് എത്തി മന്ത്രി വി.എന്‍. വാസവന് ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എന്‍.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി കൈമാറിയത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോടനുബന്ധിച്ചു നല്‍കിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി.
കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുകയാണു ചെയ്യുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, കോട്ടയം വില്ലേജ് ഓഫീസര്‍ ജെബോയി മാത്യു എന്നിവരും സന്നിഹിതരായിരുന്നു.