നാടിന് അഭിമാനമായി ബീറ്റ് ഗ്രീൻസ് ഇഞ്ചിയാനി
1589269
Thursday, September 4, 2025 11:40 PM IST
മുണ്ടക്കയം: ഇഞ്ചിയാനി ഗ്രാമത്തിന്റെ സ്വന്തം ചെണ്ടമേള ട്രൂപ്പായ ബീറ്റ് ഗ്രീൻസിന്റെ അരങ്ങേറ്റം നടത്തി. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന ബീറ്റ് ഗ്രീൻസ് ഇഞ്ചിയാനി ഹോളി ഫാമിലി ദേവാലയത്തിന്റെ കൂട്ടായ്മയുടെ ഭാഗമാണ്. ഇഞ്ചിയാനി പള്ളിയോടു ചേർന്നുള്ള യുവജനങ്ങളുടെ കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ പുതിയ ആശയമായിരുന്നു ചെണ്ടമേളം പരിശീലനം.
പഠനം, കൃഷി, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഒരുമയോടെ കൈകോർത്ത് നാട്ടിലെ നാനാജാതി മതസ്ഥരായ 11 കുട്ടികളാണ് ചെണ്ട പരിശീലനം നടത്തി അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത കലാകാരൻ കലാനിലയം ഉണ്ണിയാശാന്റെ കീഴിൽ മാസങ്ങൾ നീണ്ട പരിശീലനമായിരുന്നു ഇവർക്ക് ലഭിച്ചത്. ബുധനാഴ്ച വൈകുന്നേരം അരങ്ങേറ്റത്തോടനുബന്ധിച്ച് നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഇഞ്ചിയാനി ഹോളിഫാമിലി പള്ളി വികാരി ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, വൈസ് പ്രസിഡന്റ് ഷീലമ്മ ഡോമിനിക്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷാന്റിമോൾ, യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബിനോൾ കെ. മാത്യു എന്നിവർ പ്രസംഗിച്ചു.