അക്ഷരം മ്യൂസിയം : രണ്ട്, മൂന്ന്, നാല് ഘട്ടത്തിനായി 14 കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി
1589043
Thursday, September 4, 2025 12:18 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തുള്ള അക്ഷരം മ്യൂസിയത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ക്ക് ഭരണാനുമതിയായി 14,98,36,258 (പതിനാല് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തി ഇരുന്നൂറ്റി അന്‍പത്തിയെട്ട് രൂപ) ചെലവില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കിയതെന്ന് മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
ഒന്നാം ഘട്ടം പൂര്‍ത്തിയായ അക്ഷരം മ്യൂസിയത്തിന്റെ വരും ഘട്ടങ്ങളും 25,000 ചതുരശ്ര യടി വിസ്തീര്‍ണത്തിലാണ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും ഭാഷകളുടെയും ലിപികളുടെയും പരിണാമചരിത്രം, മലയാള കവിത സാഹിത്യ ചരിത്രം, ഗദ്യസാഹിത്യ ചരിത്രം, വൈജ്ഞാനിക സാഹിത്യം എന്നിവ അടങ്ങുന്ന വിപുലമായ ഗാലറികളാണ് അടുത്തഘട്ടത്തില്‍. മ്യൂസിയത്തില്‍ പ്രദര്‍ശന ഗാലറികളോടൊപ്പം തന്നെ ആക്ടിവിറ്റി കോര്‍ണറുകള്‍, ഡിജിറ്റൈസേഷന് ലാബ്, ഓഡിയോ-വീഡിയോ സ്റ്റുഡിയോ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിപുലമായ പുരാരേഖാ-പുരാവസ്തു ശേഖരങ്ങള്‍, കണ്‍സര്‍വേഷന്‍ യൂണിറ്റ്, പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്സ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എപ്പിഗ്രാഫി, മ്യൂസിയോളജി, ആര്‍ക്കൈവിംഗ്, കണ്‍സര്‍വേഷന്‍, പ്രിന്റിംഗ് ടെക്നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠന-പരിശീലന പരിപാടികളും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
കൂടാതെ, ലോക ഭാഷാ ലിപികള്‍, മലയാള കാവ്യപാരമ്പ്യം, മലയാള ഗദ്യസാഹിത്യം, വൈജ്ഞാനിക സഹിത്യം, ലൈബ്രറി, സംവേദാത്മകമായ ക്ലാസ് മുറികള്‍ എന്നിവയും ഈ ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തും.