മെഡിക്കല്‍ കോളജ് അപകടം: മുഖം മിനുക്കാന്‍ സിപിഎം
1573876
Monday, July 7, 2025 11:19 PM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52) മരിച്ച സംഭവം സിപിഎമ്മിനുണ്ടാക്കിയ ആഘാതം തടയാന്‍ പാര്‍ട്ടി സംവിധാനം ഒരുങ്ങുന്നു. സര്‍ക്കാര്‍ ചെലവില്‍ അറ്റകുറ്റപ്പണി, ഫണ്ട് പിരിവിലൂടെ പുതിയ വീട്, അമ്മയുടെ ക്ഷേമത്തിന് ഫണ്ട് അനുവദിക്കുക, മകള്‍ നവമിയുടെ ചികിത്സ, വിദ്യാഭ്യാസം എന്നിവയിലൂടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനാണ് ശ്രമം.
ഇടിഞ്ഞുവീണ കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ആ ഭാഗം ഉപേക്ഷിക്കപ്പെട്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജും സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എന്‍. വാസവനും നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളാണ് തെരച്ചില്‍ ഒഴിവാക്കാനും ബിന്ദു മണ്ണിനടിയില്‍ മരിക്കാനും ഇടയാക്കിയതെന്ന പൊതുവിമര്ശനത്തെ ചെറുക്കാനാണ് പാര്‍ട്ടി ശ്രമം.
രണ്ടു മന്ത്രിമാരും പാര്‍ട്ടി സുരക്ഷയില്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചെങ്കിലും ഇതൊന്നും കുടുംബത്തിന്റെ വേദനയ്ക്കും സമൂഹത്തിന്റെ വിമര്‍ശനത്തിനും പരിഹാരമാകുന്നില്ല. തനിക്ക് ഗുരുതര വീഴ് പറ്റിയെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും പറയാനുള്ള ധാര്‍മികത മന്ത്രി വീണ കാണിച്ചില്ലെന്ന് ബന്ധുക്കള്‍ക്കും പരാതിയുണ്ട്.
മകള്‍ നവമിയെ വിഐപി പരിഗണനയില്‍ ഇന്നലെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കുകയും വിദഗ്ധ ഡോക്ടര്‍മാരുടെ ടീം ശസ്ത്രക്രിയാ ചുമതല ഏറ്റെടുക്കുകയും ചെയ്തു. സര്‍ക്കാരാണ് ചികിത്സാ ചെലവ് വഹിക്കുന്നത്. ജില്ലാ കളക്ടറും ഇന്നലെ ആശുപത്രിയിലെത്തി.
മകന് നവനീതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ താത്കാലിക ജോലി നല്കി മുഖം രക്ഷിക്കാനുള്ള ശ്രമം വീട്ടുകള്‍ തള്ളിക്കളഞ്ഞു. പതിറ്റാണ്ടുകളായി താത്കാലിക ജോലി ചെയ്യുന്ന ഒട്ടേറെപേര്‍ മെഡിക്കല്‍ കോളജിലുണ്ടെന്നിരിക്കെ ഒരിക്കലും സ്ഥിരം നിയമനം ലഭിക്കില്ല.
ബിന്ദുവിന്റെ മരണശേഷം മെഡിക്കല്‍ കോളജിലും വിവിധയിടങ്ങളിലുമുണ്ടായ പ്രതിഷേധങ്ങളെ സിപിഎം പ്രവര്‍ത്തകരെ നേരിട്ടിറക്കി പ്രതിരോധിക്കാനാണ് നീക്കം. ശക്തമായ പ്രതിഷേധം ഭയന്ന് പുതിയ സര്‍ജറി ബ്ലോക്ക് ഉദ്ഘാടനം മുന്നോട്ടുവയ്ക്കാനാണ് തീരുമാനം. ചടങ്ങുകളൊന്നുമില്ലാതെ അവിടെ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും.
മന്ത്രി വീണയുടെ ജില്ലയിലെ എല്ലാ പരിപാടികളിലും കരിങ്കൊടി കാണിക്കാനും പ്രതിഷേധം ശക്തിപ്പെടുത്താനുമാണ് തീരുമാനം. മെഡിക്കല്‍ കോളജിലുണ്ടായ ദാരുണ സംഭവം പൊതുസമൂഹത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കിയതായി സിപിഐയും കേരള കോണ്‍ഗ്രസ്-എമ്മും കരുതുന്നു.
അടുത്തുവരുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മെഡിക്കല്‍ കോളജ് അപകടം തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇരുപാര്‍ട്ടികളിലും ഉയരുന്ന അഭിപ്രായം.