മണ്ണെടുപ്പിനെതിരേയുള്ള നിയമപോരാട്ടത്തിനു തുക കണ്ടെത്താന്‍ ബിരിയാണി ചലഞ്ച്
1573827
Monday, July 7, 2025 7:04 AM IST
നെടുംകുന്നം: മണ്ണും പ്രകൃതിയും സംരക്ഷിക്കാനുള്ള നിയമ പോരാട്ടത്തിനായി പഞ്ചായത്തും ജനകീയ സമിതിയും ചേർന്നു നടത്തിയ മെഗാ ബിരിയാണി ചലഞ്ച് നെഞ്ചിലേറ്റി നെടുംകുന്നം.
നെടുംകുന്നം പഞ്ചായത്തിലെ വീരൻ മല ചമ്പന്നൂർപ്പടിയിലെ മണ്ണെടുപ്പിനെതിരേ നിയമ പോരാട്ടം നടത്താൻ ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് ഇന്നലെ നടത്തിയ ബിരിയാണി ചലഞ്ചിൽ 2500 ഓളം ബോക്സുകളാണ് തയറാക്കിയത്. ഇവ പഞ്ചായത്തംഗങ്ങളും സമിതി അംഗങ്ങളും ചേർന്ന് 15 വാർഡുകളിലായി വിതരണം ചെയ്തു.
ബിരിയാണി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക മണ്ണെടുപ്പിനെതിരേ പഞ്ചായത്ത് കോടതിയിൽ നടത്തുന്ന നിയമപോരാട്ടത്തിനായി ചെലവഴിക്കും. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ജനകീയ സമിതി കൺവീനർ തോമസ് പീലിയാനിക്കലിന് ബിരിയാണി കൈമാറി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മാത്യു വർഗീസ്, ബീനാ വർഗീസ്, ഷിനുമോൾ ജോസഫ്, സി.ജെ. ബീനാ, റോയി നെച്ചുകാട്ട്, വീണാ ബി. നായർ, പ്രിയാ ശ്രീരാജ്, ശ്രീജാ മനു, മേഴ്സി റെൻ, ജനകീയ സമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.