ഉദയഗിരിയിലെ അനധികൃത മാലിന്യ സംഭരണ യൂണിറ്റിന് 50,000 രൂപ പിഴ ചുമത്തി
1573818
Monday, July 7, 2025 6:55 AM IST
കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉദയഗിരി പ്രദേശത്ത് റബര്‍ തോട്ടത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മാലിന്യസംഭരണ യൂണിറ്റിന് പഞ്ചായത്ത് പിഴ ചുമത്തി. പഞ്ചായത്ത് രാജ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 50,000 രൂപയാണ് പിഴ ഈടാക്കിയത്. ആലപ്പുഴ അമ്പലപ്പുഴ പുഷ്പഭവനില്‍ വിപിന്‍ രാജിന്റെ ഉടമസ്ഥതയിലുള്ള അക്സോ അഗ്രോ സോള്‍ജിയര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് പഞ്ചായത്ത് പിഴയിട്ടത്.
ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നുവന്ന പരിശോധനയില്‍ ആരോഗ്യവകുപ്പാണ് കഴിഞ്ഞ മെയ് 28ന് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. കമ്പോസ്റ്റ് വളം നിര്‍മാണത്തിനാണ് എറണാകുളം ജില്ലയില്‍നിന്ന് ഇവിടേക്ക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്. മുട്ടുചിറ നീരാക്കല്‍ എെജുവിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്തില്‍നിന്നു അഞ്ചേക്കര്‍ പാട്ടത്തിനെടുത്താണ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
ഒന്നര ഏക്കറോളം പ്രദേശത്ത് അശാസ്ത്രീയമായി ജൈവ-അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ പ്രദേശത്തുനിന്നു മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെ സ്ഥാപന ഉടമകളെ കൊണ്ട് പഞ്ചായത്ത് ചെയ്യിപ്പിച്ചു.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ എന്നിവരുടെ നേരിട്ടുള്ള ഇടപെടലാണ് നിയമലംഘനത്തിനെതിരേ ശക്തമായ നടപടികള്‍ വേഗത്തിലാക്കിയത്.