വൈക്കം ആയുർവേദ ആശുപത്രിയിലെ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ
1573816
Monday, July 7, 2025 6:55 AM IST
വൈക്കം: വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയിലെ കെട്ടിടം ജീർണാവസ്ഥയിലെന്ന് പരാതി. ജില്ലയിലെ ആയുർവേദ ആശുപത്രികളിൽ ഏറ്റവും പഴക്കമേറിയ ആശുപത്രിയാണ് വൈക്കം താലൂക്ക് ആയുർവേദ ആശുപത്രി. സമീപ ജില്ലകളിൽ നിന്നടക്കം രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്. സ്ഥല പരിമിതിയുള്ളതിനാൽ ഇവിടെ കെട്ടിടങ്ങൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.
10 വർഷങ്ങൾക്ക് മുമ്പ് കെ. അജിത് എംഎൽഎ ആയിരുന്നപ്പോൾ മൂന്നു നിലകളിലായി നിർമിച്ച പേയ്മെന്റ് ബ്ലോക്ക് ഇപ്പോൾ അപകടാവസ്ഥയിലാണ്. ഇതിലെ സ്യൂട്ടുകളും സിങ്കിൾ മുറികളും തീർത്തും ഉപയോഗശൂന്യമാണ്. സ്യൂട്ട് ഇതുവരെ ആരും എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
കെട്ടിടത്തിൽ പതിക്കുന്ന മഴവെള്ളം മുഴുവനും കെട്ടിടത്തിനുള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ്. ആശുപത്രിയുടെ തുടക്ക കാലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടം ഇപ്പോൾ പൊളിച്ചു നീക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതിയിൽ ഒരു കോടി രൂപ പുതിയ കെട്ടിടം പണിയാൻ അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഫാർമസിയും കഞ്ഞിവെപ്പ് മുറിയും മരുന്ന് സ്റ്റോർ മുറിയും അതിനോടു ചേർന്നുള്ള ശുചിമുറികളും ചോർന്നൊലിക്കുകയാണ്.
കഷായപ്പാത്രങ്ങളും മരുന്നു പൊടികളും കുടയുടെ അടിയിൽ ഭദ്രമായി സൂക്ഷിച്ചാണ് ജോലിക്കാർ വിതരണം നടത്തുന്നത്. ഈ കെട്ടിടത്തിന് ഇപ്പോഴും ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.