ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്ന്
1573845
Monday, July 7, 2025 11:19 PM IST
കാഞ്ഞിരപ്പള്ളി: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് കീഴിലുള്ള എല്ലാ പൊതുസ്ഥാപനങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ അടിയന്തരമായി പൊതുമരാമത്ത് വകുപ്പോ ബന്ധപ്പെട്ട അധികൃതരോ പരിശോധിച്ച് മേൽനടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി യംഗ് മെൻസ് അസോസിയേഷൻ ഓർഗനൈസിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തി ബുദ്ധിമുട്ടിക്കാൻ മത്സരിക്കുന്ന ഉദ്യോഗസ്ഥവൃന്ദം കാലപ്പഴക്കം ചെന്ന ഇത്തരം സംവിധാനങ്ങൾ പൊതുജനങ്ങളുടെ ജീവൻവച്ച് പന്താടുന്നതിന് മൗനാനുവാദം നൽകുന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നു യോഗം പാസാക്കിയ പ്രമേയം പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് ജയിംസ് പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് ചന്ദ്രൻ, മാത്തച്ചൻ വെള്ളാത്തോട്ടം, സെബാൻ കടപ്ലാക്കൽ, വി.എം. താജുദീൻ, ബിമൽ ആന്റണി, കെ.ഐ. ഷെമീർ ഖാൻ, ബിജു മുണ്ടുവേലിക്കുന്നേൽ, കൊച്ചുമോൻ ഒട്ടയ്ക്കൻ, മാർട്ടിൻ മാത്യു, സിബി വെങ്ങാലൂർ എന്നിവർ പ്രസംഗിച്ചു.