105 പേരുടെ ജീവൻ രക്ഷിച്ച കരിമ്പനാൽ അപ്പച്ചൻ ഓർമയായി
1573566
Sunday, July 6, 2025 11:45 PM IST
കാഞ്ഞിരപ്പള്ളി: 105 പേരുടെ ജീവൻ രക്ഷിച്ച കരിമ്പനാൽ അപ്പച്ചൻ എന്ന ടി.ജെ. കരിമ്പനാൽ (87) ഓർമയായി. 1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി.ജെ. കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്നു. ഈ സമയമാണ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരുടെ നിലവിളി കേട്ടത്. നിറയെ ശബരിമല തീർഥാടകരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് പോയതാണെന്ന് മനസിലാക്കിയ ഡ്രൈവർ ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.
മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി.ജെ. കരിമ്പനാൽ അസാമാന്യ ധൈര്യശാലിയായിരുന്നു. ഉടൻതന്നെ അദ്ദേഹം ബസിനെ ഓവർടേക്ക് ചെയ്ത ശേഷം ഫോർ വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചുകുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു.
ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്ത് സാവധാനം ബസും ജീപ്പും നിന്നു. കുമളിയിൽനിന്ന് എരുമേലിയിലേക്കു 105ഓളം തീർഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം സിഇടി കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം കഴിഞ്ഞ് ടി.ജെ. കരിമ്പനാൽ ജർമനിയിൽ എൻജിനിയറായി ജോലിയിൽ പ്രവേശിച്ചു. സഹോദരന് അപകടമുണ്ടായതോടെ ഒരു വർഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. കോളജ് പഠനകാലം മുതലേ കൃഷിയിൽ താത്പര്യമുണ്ടായിരുന്ന ടി.ജെ. പിന്നീടു മുഴുവൻസമയ പ്ലാന്ററായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും.