സ്വകാര്യബസുകള്‍ ഇന്നു പണിമുടക്കും
1573880
Monday, July 7, 2025 11:19 PM IST
കോട്ടയം: ജില്ലയിലെ 950 സ്വകാര്യബസുകള്‍ ഇന്ന് പണിമുടക്കും. സമീപ ജില്ലകളില്‍നിന്ന് കോട്ടയം ജില്ലയിലെത്തുന്ന മൂന്നൂറില്‍പ്പരം ബസുകളും മുടക്കമായിരിക്കും. കെഎസ്ആര്‍ടിസി ഏതാനും റൂട്ടുകളില്‍ അധികസര്‍വീസുകള്‍ ഓടിക്കുമെങ്കിലും ബസ് ഗതാഗതം ഇന്ന് സാരമായി തടസപ്പെടും.
സൂചനാ പണിമുടക്കിന് പിന്നാലെ 22 മുതല്‍ അനിശ്ചിതകാല സമരത്തിനും തയാറെടുക്കുകയാണ് ബസുടമകള്‍. ലിമിറ്റഡ് സ്റ്റോപ്പ്, ദീര്‍ഘദൂര ബസ് പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഇ ചെല്ലാന്‍ വഴിയുള്ള പിഴ ചുമത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
2011ല്‍ നിശ്ചയിച്ച ഒരു രൂപയാണു വിദ്യാര്‍ഥികളുടെ മിനിമം നിരക്ക്. അന്ന് ഒരു ലിറ്റര്‍ ഡീസലിന് 41.39 രൂപ. ഇപ്പോള്‍ വില 95 രൂപ. ടയര്‍, സ്പെയര്‍ പാര്‍ട്സ് വില പതിന്മടങ്ങ് വര്‍ധിച്ചു. സ്പീഡ് ഗവർണര്‍, ജിപിഎസ്, കാമറ തുടങ്ങിയ പുതിയ ചെലവുകളുമുണ്ടായി. ഇവയുടെ റീചാര്‍ജിംഗിന് മാസം ആയിരം രൂപ വേറെയും കണ്ടെത്തണം.
സ്വകാര്യ ബസുടമകളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളും പരിഗണനയ്ക്ക് എടുത്തിട്ടില്ല. ബസ് വ്യവസായം ഭാരിച്ച നഷ്ടത്തിലായതോടെ നിരവധി പേര് ഈ മേഖലയില്‍നിന്നു പിന്മാറി.