താങ്ങായി അമ്മയില്ലാതെ നവമി ചികിത്സയിൽ പ്രവേശിച്ചു
1573877
Monday, July 7, 2025 11:19 PM IST
ഗാന്ധിനഗര്‍: കഴിഞ്ഞ വ്യാഴാഴ്ച രാവിലെവരെ തന്റെ ചികിത്സയ്ക്കു താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് നവമി ഇന്നലെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കു പ്രവേശിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകള്‍ നവമിയാണ് ഇന്നലെ ഭക്ഷണം വിളമ്പിത്തരാനും താങ്ങിപ്പിടിക്കാനും അമ്മ ഇല്ലാതെ ആശുപത്രിയിലെത്തിയത്.
ഇന്നലെ രാവിലെ 8.30നാണു നവമി വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളജില്‍ ന്യൂറോസര്ജന് അടങ്ങുന്ന വിദഗ്ധസംഘമാണ് നവമിയെ ചികിത്സിക്കുന്നത്. അമ്മ ബിന്ദുവിന്റെ സഹോദരിയുടെ മകള്‍ ദിവ്യയും ഭര്‍ത്താവ് ഗിരീഷുമാണ് നവമിക്കൊപ്പം എത്തിയിരിക്കുന്നത്.
കഴുത്തിന് പുറകിലും നട്ടെല്ലിന്റെ ഭാഗത്തും വേദന അനുഭവപ്പെട്ടാണ് നവമി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റാകാനും മൂന്നാഴ്ചത്തേക്ക് മരുന്ന് നല്‍കാമെന്നും ഇതുകൊണ്ട് മാറിയില്ലെങ്കില്‍ ഓപ്പറേഷന് നടത്താമെന്നും അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ഈ മാസം ഒന്നിന് നവമി 14-ാം വാര്‍ഡില്‍ അഡ്മിറ്റായത്. കൂട്ടിന് അമ്മ ബിന്ദുവും പിതാവ് വിശ്രുതനും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30 ഓടെ ജനങ്ങളെ നടുക്കിയ സംഭവമുണ്ടായി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കെട്ടിട ഭാഗങ്ങള്‍ ഇടിഞ്ഞ് നവമിയുടെ അമ്മ ബിന്ദു മരണപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ മൃതദേഹത്തിനൊപ്പം വീട്ടിലേക്ക് പോയ നവമി ഇന്നലെയാണ് ആശുപത്രിയില്‍ തിരിച്ചെത്തിയത്.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം നവമിയെ സന്ദര്‍ശിച്ചശേഷം ചികിത്സയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി അറിയിച്ചു. അത്യാഹിത വിഭാഗം സിഎല്‍ മൂന്ന് വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.