പുസ്തകപ്രേമികള്‍ക്കു സന്തോഷിക്കാം : കോട്ടയം പബ്ലിക് ലൈബ്രറിയിലെ പഴയ പുസ്തകങ്ങള്‍ ഡിജിറ്റലാക്കുന്നു
1573810
Monday, July 7, 2025 6:55 AM IST
കോട്ടയം: പഴക്കമുള്ള പുസ്തകങ്ങള്‍ ഇനി ലോകത്തിന്റെ ഏതു കോണിലിരുന്നും വായിക്കാം. കോട്ടയം പബ്ലിക് ലൈബ്രറിയിലെ 1960ന് മുമ്പുള്ള എല്ലാ പുസ്തകങ്ങളും ഡിജിറ്റലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള തെരഞ്ഞെടുത്ത 30,000 പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്.
പാലക്കാട് മണ്ണാര്‍ക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന 30,000 പുസ്തകങ്ങള്‍ ഡിജിറ്റലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം ആരംഭിക്കും.
വലിയ ഡിജിറ്റല്‍ സ്കാനര്‍ ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ സ്കാന്‍ ചെയ്യുന്നത്. ഫൗണ്ടേഷന്റെ രണ്ടു പ്രവര്‍ത്തകര്‍ പുസ്തങ്ങള്‍ സ്കാന്‍ ചെയ്യുന്നതു പൂര്‍ത്തിയാക്കി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കും. ഏതാണ്ട് ആറു മാസത്തിനുള്ളില്‍ പുസ്തകങ്ങള്‍ ഡിജിറ്റലാക്കി കോട്ടയം പബ്ലിക് ലൈബ്രറിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഇതിനു പുറമേ ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഗ്രന്ഥപ്പുര എന്ന വെബ്സൈറ്റിലും പുസ്തങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള ആളുകള്‍ക്കും സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാം. ഇതിന് ലൈബ്രറിയുടെ അംഗത്വം ആവശ്യമില്ല.
രണ്ടാം ഘട്ടമായി മറ്റു പുസ്തകങ്ങളും ഡിജിറ്റലാക്കുന്ന ജോലികള്‍ ആരംഭിക്കും. ലൈബ്രറിയില്‍ ഇപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി രണ്ടരലക്ഷത്തില്‍പ്പരം പുസ്തകങ്ങളാണുള്ളത്.
ഇവയില്‍ ആറുപതിനായിരത്തോളം പുസ്തകങ്ങള്‍ ഡിജിറ്റലാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മോഹവിലയുള്ള പുസ്തകങ്ങള്‍ക്കു പുറമേ 1950ല്‍ പ്രസിദ്ധീകരിച്ച കേരള പാഠാവലി, 70 വര്‍ഷത്തിലേറെ പഴക്കമുള്ള വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍, സുവനീറുകള്‍, നോട്ടീസുകള്‍ എന്നിവയും ഡിജിറ്റലാക്കുന്നുണ്ട്.
ഏതെങ്കിലും പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഡിജിറ്റൈസ് ചെയ്യാന്‍ അനുമതി വാങ്ങുകയും ചെയ്യും. വിലമതിക്കാനാവാത്ത പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതു ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വലിയ പ്രയോജനമാകും.
കോട്ടയം സിഎംഎസ് പ്രസില്‍ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ പുസ്തകം മുതല്‍ 1960 മുമ്പ് അച്ചടിച്ച അപൂര്‍വ പുസ്തകങ്ങളുടെ വലിയ ശേഖരമാണ് പബ്ലിക് ലൈബ്രറിയിലുള്ളത്. ഇവയെല്ലാം ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാകുന്നത് അക്ഷരപ്രേമികള്‍ക്കും യുവ തലമുറയ്ക്കും വലിയ മുതല്‍ക്കൂട്ടാകും. ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് സൗജന്യമായിട്ടാണ് ഡിജിറ്റലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.
ഉദ്ഘാടനം ഇന്ന്
കോട്ടയം: പബ്ലിക് ലൈബ്രറിയില്‍ പഴയ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ഗ്രന്ഥശേഖരം വരും തലമുറയ്ക്കു നഷ്ടമാകാതെ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ആദ്യ ലൈബ്രറിയാണ് കോട്ടയം പബ്ലിക് ലൈബ്രറി.