രാമപുരം ഗവ. ആശുപത്രിയിലെ സൗകര്യക്കുറവ്: താലൂക്ക് വികസനസമിതിയില്‍ പരാതി നല്കി
1573829
Monday, July 7, 2025 9:58 PM IST
രാമപുരം: പാലാ നിയോജകമണ്ഡലത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തായ രാമപുരം പഞ്ചായത്തിലെ ഏക ചികിത്സാകേന്ദ്രമായ രാമപുരം ഗവ. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസനസമിതിയില്‍ പരാതി നല്കി.
ആശുപത്രിക്ക് വലിയൊരു കെട്ടിടമുണ്ടെങ്കിലും മറ്റ് സൗകര്യങ്ങള്‍ വളരെ കുറവാണ്. ഒപി സേവനത്തിനായി നൂറുകണക്കിന് രോഗികള്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. എക്സ്റേ എടുക്കണമെങ്കില്‍ പാലായിലോ മറ്റെവിടെയെങ്കിലുമോ രോഗികള്‍ പോകണം. രാത്രിയില്‍ ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമല്ല.
രാത്രിയില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പാലാ, കൂത്താട്ടുകുളം, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പോകേണ്ടിവരും. നേരത്തേ വളരെ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയിൽ ഇത്രയും വലിയ കെട്ടിടം ഇല്ലായിരുന്നെങ്കിലും പ്രസവം, പോസ്റ്റ്മോര്‍ട്ടം തുടങ്ങിയവ നടത്തിയിരുന്നു. ഇപ്പോള്‍ ആവശ്യമായ സ്റ്റാഫുകളോ രാത്രി ചികിത്സയ്ക്കായി ഡോക്ടര്‍മാരോ ലഭ്യമല്ല. ഓരോ വര്‍ഷം കഴിയുന്തോറും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താഴേയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
രാത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ നിയമിക്കണമെന്നും എക്സ്റേ പോലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നും കാണിച്ച് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് ഉഴുന്നാലിലാണ് താലൂക്ക് വികസനസമിതിയില്‍ പരാതി നല്‍കിയത്.