ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് : നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനം ഇന്ന്
1573822
Monday, July 7, 2025 7:04 AM IST
ചങ്ങനാശേരി: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്ന അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനം ഇന്ന് 2.30ന് റെയില്‍വേ സ്റ്റേഷനില്‍ നടക്കും.
അമൃത് ഭാരത് പദ്ധതി പ്രകാരം 90 ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സ്റ്റേഷനില്‍ അവസാനവട്ട ക്രമീകരണങ്ങള്‍ നേരില്‍ കാണുന്നതിനും വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
യോഗത്തില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും അമൃത് ഭാരത് പദ്ധതി നടപ്പിലാക്കുന്ന നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുക്കും. യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും നിര്‍ദേശം നല്‍കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ആവശ്യങ്ങള്‍ ഒട്ടനവധി
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നു ഗുഡ്സ്ഷെഡ് റോഡിലേക്കുള്ള രണ്ടാം കവാടം തുറക്കണമെന്ന ആവശ്യത്തിനു പ്രസക്തിയേറുന്നു. വാഴൂര്‍ റോഡില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കും ട്രെയിനില്‍നിന്നിറങ്ങി വാഴൂര്‍ റോഡ് ഭാഗത്തേക്കു പോകേണ്ട യാത്രക്കാര്‍ക്കും ഇതു ഗുണകരമാകും.
ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് എസ്കലേറ്റര്‍ നിര്‍മിക്കണം. തകര്‍ന്നുകിടക്കുന്ന ഗുഡ്സ്ഷെഡ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കി ഗതാഗതം സുഗമമാക്കണം. ഗുഡ്സ്ഷെഡ് റോഡിന്റെ വശങ്ങളിലും റെയില്‍വേ സ്റ്റേഷന് വളപ്പിലും അപകടകരമായ സാഹചര്യത്തില്‍ നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണം.
വാഴൂര്‍ റോഡിലെയും ഫാത്തിമാപുരത്തെയും മേല്‍പ്പാലങ്ങളുടെ അപ്രോച്ചിന്റെ തകര്‍ച്ച പരിശോധിക്കണം. സെന്റ് ആന്‍സ് സ്കൂളില്‍നിന്ന് ആനന്ദാശ്രമത്തിലേക്കുള്ള പാവനാശ്രമം റോഡിന്റെ റെയില്‍വേ അധീനതയിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്തണം. വടക്കേക്കര റെയില്‍വേ ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസിലെ നാലുകോടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സ്റ്റേറ്റഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ ബാക്കിയുള്ള ഭാഗത്തുകൂടിയുള്ള മേല്‍ക്കൂര നിര്‍മാണം, പ്ലാറ്റ് ഫോമിലെ യാത്രക്കാര്‍ക്കുള്ള ബെഞ്ചുകള്‍, നിര്‍മാണത്തിലിരിക്കുന്ന ലിഫ്റ്റ്, പാര്‍ക്കിംഗ് ഏരിയ വികസനം, പ്രധാന കവാടം തുടങ്ങിയ നിര്‍മാണങ്ങള്‍ എന്നിവയും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലെത്തുന്ന റെയില്‍വേ ഉദ്യോഗസ്ഥ സംഘം വിലയിരുത്തും.
വേളാങ്കണ്ണി എക്സ്പ്രസിനു സ്വീകരണം ഇന്ന്
ചങ്ങനാശേരി: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമഫലമായി പുതുതായി അനുവദിച്ച എല്‍എച്ച്ബി കോച്ച് ഉപയോഗിച്ച് നടത്തുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസിന്റെ ആദ്യയാത്രയില്‍ ട്രെയിനിന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 2.30നാണ് ട്രെയിന്‍ ചങ്ങനാശേരി സ്റ്റേഷനില്‍ എത്തുന്നത്.