അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതൽ; പൊതുഗതാഗതം സ്തംഭിക്കും
1573879
Monday, July 7, 2025 11:19 PM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ദേശീയ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് സ്വകാര്യ ബസിലെ ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും.
വ്യാപാരികളും പണിമുടക്കില്‍ പങ്കെടുക്കാനാണ് സാധ്യത. ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറവായിരിക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതോടെ നാളത്തെ പണിമുടക്കില്‍ ജനജീവിതം സ്തംഭിക്കുമെന്നുറപ്പായിരിക്കുകയാണ്. അവശ്യ സര്‍വീസുകളായ ആശുപത്രി, പാല്, പത്രം എന്നിവയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രകടനം കോട്ടയത്ത് രാവിലെ നടക്കും. പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാമ്പാടി നിയോജക മണ്ഡല കേന്ദ്രങ്ങളിലും പ്രദേശികതലങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് അര്‍ധരാത്രിമുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂറാണു പണിമുടക്ക്. വിലക്കയറ്റം തടയുക, ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്ഷന് 9000 രൂപയായും നിശ്ചയിക്കുക സ്കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്ത്തിയാണു പൊതുപണിമുടക്ക്.
പണിമുടക്കിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വിളംബര ജാഥയും പന്തംകൊളുത്തി പ്രകടനവും നടന്നു. പൊരുതി നേടിയ തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തൊഴിലാളികളുടെ താക്കീതായി പൊതുപണിമുടക്ക് മാറുമെന്നും സംയുക്ത ട്രേഡ് യൂണിയന് നേതാക്കളായ സിഐടിയു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് റെജി സഖറിയ, എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍, പൗലോസ് കടന്പംകുഴി (കെടിയുസി-എം), റഷീദ് കോട്ടപ്പള്ളി (എന്‍എല്‍സി), സി.കെ. സുഹൈബ (സേവ), സി.എസ്. രാജു (ടിയുസിഐ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.