വൈക്കം കായലോര ബീച്ചിൽ സാമൂഹ്യവിരുദ്ധശല്യം
1532926
Friday, March 14, 2025 7:20 AM IST
വൈക്കം: വൈക്കം കായലോര ബീച്ചിൽ സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തികൾ അതിരുകടക്കുന്നു. ബീച്ചിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ നഗരസഭ സ്ഥാപിച്ച ഇരുമ്പ് കസേര കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ ഇളക്കിമരച്ചുവട്ടിലേക്ക് മാറ്റിയിട്ടു. ലഹരി ഉപയോഗിച്ചു ലക്കുകെട്ടെത്തുന്ന യുവാക്കളോട് കസേര ഇളക്കി മാറ്റിയത് ചിലർ ചോദ്യം ചെയ്തെങ്കിലും യുവാക്കൾ കയർത്ത് സംസാരിച്ച് ഭീഷണി മുഴക്കിയതോടെ ചോദ്യം ചെയ്തവർ പിന്തിരിഞ്ഞു.
രാവിലെ പത്തു മുതൽ ബീച്ചിലും സമീപത്തെ കുറ്റിക്കാട്ടിലും കൗമാരക്കാരായ സ്കൂൾകുട്ടികളെവരെ കൂട്ടിയാണ് കൂട്ടംകൂടി സംഘങ്ങൾ എത്തുന്നത്. സഭ്യതയുടെ അതിരുവിടുന്ന സംഭവങ്ങൾ പതിവായതോടെ പ്രദേശവാസികളുമായി സംഘർഷം പതിവാണ്.
വൈക്കം ഡിവൈഎസ്പി ഓഫീസ് കായലോര ബീച്ചിനോട് ചേർന്നാണെങ്കിലും ബീച്ചിൽ തമ്പടിക്കുന്നത് വിദ്യാർഥികളായതിനാൽ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ട്. ബീച്ചിലെത്തുന്ന കുട്ടികൾ ലഹരി ഉപയോഗിക്കുന്നവരോ ലഹരി വിൽപ്പനക്കാരോ ആയി മാറുന്നതിന് സാധ്യതയുള്ളതിനാൽ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ ബീച്ചിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോലീസും എക്സൈസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.