വന്യജീവി ആക്രമണം: വനം മന്ത്രിയെ പുറത്താക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
1513814
Thursday, February 13, 2025 11:51 PM IST
കാഞ്ഞിരപ്പള്ളി: ദിനംപ്രതി ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട വനംമന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു.
കാടിനുള്ളിലാണ് വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നതെന്ന വനംമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലു മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. ഇത്രയധികം വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും കുറ്റകരമായ നിസംഗത പാലിക്കുന്ന മന്ത്രിയുടെ നിലപാട് ഖേദകരമാണ്. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കണ്ടെത്തണമെന്നു കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നിട്ടിറങ്ങുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതിയംഗം ടെസി ബിജു പാഴിയാങ്കൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ഡെയ്സി ജോർജുകുട്ടി, സിനി ജിബു നീറനാക്കുന്നേൽ, ജോബി കല്ലൂരാത്ത്, ജിൻസ് പള്ളിക്കമ്യാലിൽ, അനിത ജസ്റ്റിൻ, ബിജു ആലപ്പുരയ്ക്കൽ, സച്ചിൻ വെട്ടിയാങ്കൽ, ടോമിച്ചൻ പാലക്കുടി, സബിൻ ജോൺ, ജോസ് മടുക്കക്കുഴി, ജാൻസി മാത്യു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
മന്ത്രി രാജിവയ്ക്കണം: യൂത്ത് ഫ്രണ്ട്
പൊൻകുന്നം: വന്യജീവി അക്രമണങ്ങളിൽ ഇത്രയധികം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും കേരളീയരെ മൊത്തം കളിയാക്കുന്ന തരത്തിൽ സംസാരിക്കുന്ന വനം മന്ത്രി നാടിന് ഒരു ശാപമാണെന്ന് യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചൂഴികുന്നേലിന്റെ അധ്യക്ഷതയിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബിനോയി കറുകച്ചാൽ, സിജോ പതാലിൽ, അലക്സ് തോമസ്, ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ലാജി തോമസ്, പ്രിൻസ് വിലങ്ങുപാറ എന്നിവർ പ്രസംഗിച്ചു.