സ്വകാര്യ ബസുകളുടെ തോന്നുംപടിയുള്ള സര്‍വീസിനെതിരേ എഐവൈഎഫ്
1513792
Thursday, February 13, 2025 7:58 AM IST
കല്ലറ: വൈക്കത്തുനിന്ന് കല്ലറയിലേക്കുള്ള സ്വകാര്യബസുകളുടെ അവസാന ട്രിപ്പ് പുത്തന്‍പള്ളിയില്‍ അവസാനിപ്പിക്കുന്നതും അവധി ദിവസങ്ങളില്‍ സര്‍വീസ് നടത്താത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
സ്വകാര്യ ബസുകള്‍ ഈ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എഐവൈഎഫ് കല്ലറ മേഖലാ കമ്മിറ്റി അറിയിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ വൈക്കം ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരത്തെ അവസാന ട്രിപ്പ് കല്ലറ മാര്‍ക്കറ്റ് ജംഗ്ഷന് വരെയുണ്ടായിട്ടും പുത്തന്‍പള്ളിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. സ്വകാര്യ ബസുകള്‍ തന്നിഷ്ടപ്രകാരമാണ് പുത്തന്‍ പള്ളിയില്‍ യാത്ര അവസാനിപ്പിക്കുന്നത്.
ആലപ്പുഴ, കുമരകം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലറ മാര്‍ക്കറ്റ് ജംഗ്ഷനിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ആ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ പുത്തന്പള്ളിയില്നിന്ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ എത്തുന്നതിന് മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഞായറാഴ്ച ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഭൂരിഭാഗം സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനായി കല്ലറ, മധുരവേലി, കപിക്കാട്, ആയാംകുടി മേഖലകളിലെ കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് ഇതുവഴിയുള്ള ബസുകളാണ്. അവധി ദിവസങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്താത്തത് രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നു.
സ്വകാര്യ ബസുകളുടെ ഇത്തരം നടപടികള്‍ ജനദ്രോഹകരമാണെന്നും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും എഐവൈഎഫ് കല്ലറ മേഖലാ കമ്മിറ്റി ആരോപിച്ചു.
ഗതാഗത വകുപ്പ് മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.